അറസ്റ്റ് ചെയ്യില്ലെങ്കിൽ യു.പി പൊലീസിന് മുന്നിൽ ഹാജരാവാമെന്ന് ട്വിറ്റർ ഇന്ത്യ എം.ഡി
text_fieldsബംഗളൂരു: അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നൽകിയാൽ യു.പി പൊലീസിന് മുന്നിൽ ഹാജരാവാൻ തയാറാണെന്ന് ട്വിറ്റർ ഇന്ത്യ എം.ഡി മനീഷ് മഹേശ്വരി കർണാടക ഹൈക്കോടതിയെ അറിയിച്ചു. ഗാസിയാബാദിലെ ലോണിയിൽ മുസ്ലിം വയോധികനെ മർദിക്കുന്ന വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഗാസിയാബാദ് ലോണി ബോർഡർ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെതിരെ നൽകിയ ഹരജി പരിഗണിക്കവെയാണ് മനീഷ് കോടതിയെ ഇക്കാര്യം അറിയിച്ചത്. യു.പി പൊലീസ് തന്നെ അറസ്റ്റ് ചെയ്യില്ലെന്ന സബ്മിഷൻ കോടതിയിൽ രേഖപ്പെടുത്തിയാൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവാമെന്ന് ട്വിറ്റർ എം.ഡിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ സി.വി. നാഗേഷ് കോടതിയെ അറിയിച്ചു.
താൻ ട്വിറ്ററിെൻറ ജീവനക്കാരൻ മാത്രമാണെന്നും കമ്പനിയുടെ പ്രതിനിധിയായി പൊലീസിന് തെൻറ പേര് ഉൾപ്പെടുത്താനാവില്ലെന്നും ഡയറക്ടർമാർ മറ്റു പലരുമാണെന്നും അദ്ദേഹം വാദിച്ചു. ട്വിറ്റർ ഇന്ത്യയുടെ മേധാവി മനീഷ് മഹേശ്വരിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടതിനാലാണ് െഎ.ടി നിയമത്തിലെ 41 എ വകുപ്പ് പ്രകാരം അദ്ദേഹത്തിന് നോട്ടീസ് അയച്ചതെന്നായിരുന്നു യു.പി പൊലീസിെൻറ വിശദീകരണം. അല്ലെങ്കിൽ ഇന്ത്യയിൽ ട്വിറ്ററിെൻറ ചുമതലയുള്ളതാർക്കാണെന്ന് അദ്ദേഹം വെളിപ്പെടുത്തണമെന്ന് യു.പി പൊലീസ് വാദിച്ചു. ട്വിറ്ററിൽനിന്നുള്ള സഹകരണമാണ് തങ്ങൾ തേടുന്നത്. ട്വിറ്ററിന് രാജ്യത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ട്. ദശലക്ഷങ്ങൾ ഫോളോവർമാരായുള്ള വിദേശ കമ്പനിക്ക് ഒരു മേധാവി ഇല്ലാതിരിക്കില്ല. അവർ തങ്ങളോട് ചില കാര്യങ്ങൾ പറയേണ്ടതുണ്ടെന്നും യു.പി പൊലീസ് വാദിച്ചു.
കേസിൽ കർണാടക ഹൈക്കോടതിയുടെ അധികാര പരിധി സംബന്ധിച്ചും യു.പി പൊലീസ് സംശയമുന്നയിച്ചു. യു.പിയിലെ ക്രിമിനൽനടപടി ക്രമങ്ങൾക്കുള്ള ഹൈക്കോടതിയല്ല കർണാടക ഹൈക്കോടതിയെന്നും യു.പി പൊലീസിനുവേണ്ടി ഹാജരായ കൗൺസൽ വാദിച്ചു. എന്നാൽ, ട്വിറ്റർ കമ്മ്യുണിക്കേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥിതി ചെയ്യുന്നത് ഗാസിയാബാദിലല്ലെന്നും മനീഷ് മഹേശ്വരി കഴിയുന്നത് കർണാടക ഹൈക്കോടതിയുടെ പരിധിയായ ബംഗളൂരുവിലാണെന്നും സി.വി. നാഗേഷ് തിരിച്ചടിച്ചു.
നേരത്തെ വിഡിയോ കോൺഫറൻസിങ് വഴി ഹാജരാവാമെന്ന് മനീഷ് മഹേശ്വരി അറിയിച്ചിരുെന്നങ്കിലും യു.പി പൊലീസ് അനുവാദം നൽകാതിരുന്നതോടെയാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയിൽ ബുധനാഴ്ചയും വാദം തുടരും. നേരത്തെ മനീഷിനെതിരെ നടപടിയെടുക്കുന്നതിൽനിന്ന് യു.പി പൊലീസിനെ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു. ഇതിനെതിരെ യു.പി പൊലീസ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.