45ലേറെ രാജ്യങ്ങൾ പെഗാസസ് ഉപയോഗിക്കുന്നുണ്ടെങ്കിൽ എന്തിന് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നു -ബി.ജെ.പി
text_fieldsന്യൂഡൽഹി: പെഗാസസ് ചാരസോഫ്റ്റ്‌വെയറിന്‍റെ പേരിൽ ഇന്ത്യയെ മാത്രമായി ലക്ഷ്യമിടുകയാണെന്ന് ബി.ജെ.പി നേതാവും മുൻ ഐ.ടി മന്ത്രിയുമായ രവിശങ്കർ പ്രസാദ്. 45ലേറെ രാജ്യങ്ങൾ പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുവെന്നാണ് പറയുന്നതെങ്കിൽ എന്തിനാണ് ഇന്ത്യയെ മാത്രമായി ലക്ഷ്യമിടുന്നതെന്ന് രവിശങ്കർ പ്രസാദ് ചോദിച്ചു. ഇന്ത്യയിൽ 300ലേറെ പേരുടെ ഫോൺ ഇസ്രായേൽ കമ്പനിയുടെ ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്ന വിവരം കേന്ദ്ര സർക്കാറിനെ വെട്ടിലാക്കിയ സാഹചര്യത്തിലാണ് മുൻ ഐ.ടി മന്ത്രിയുടെ ചോദ്യം.
അതിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തിയതായ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. രണ്ട് പ്രതിപക്ഷനേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ അതാരാണണെന്ന് വ്യക്തമായിരുന്നില്ല. 2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയാണ് രണ്ട് ഫോണുകളും ചോര്‍ത്തിയത്. രാഹുൽ കോൺഗ്രസ് പ്രസിഡന്‍റായിരുന്ന കാലയളവിലാണ് ഫോൺ ചോർത്തിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളുടെ ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയെന്ന് അന്താരാഷ്ട്ര മാധ്യമമായ 'ദി ഗാര്‍ഡിയന്‍' റിപ്പോർട്ട് ചെയ്തു.
കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി പ്രഹാളാദ് സിങ് പട്ടേല്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ട്. പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായുള്ള ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ഫോൺ വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ടുകൾ വരുന്നത്.
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടേയും അവരുടെ അടുത്ത ബന്ധുക്കളുടെയും 11 ഫോണ്‍ നമ്പറുകളും ഫോൺ ചോർത്തിയവരുടെ പട്ടികയിലുണ്ട്. ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശപ്രവർത്തകർ തുടങ്ങി 300ഓളം പേരുടെ ഫോൺ ഇസ്രായേൽ കമ്പനി ചോർത്തിയെന്നാണ് വെളിപ്പെടുത്തൽ. 40 മാധ്യമപ്രവർത്തകർ, മൂന്നു പ്രമുഖ പ്രതിപക്ഷനേതാക്കൾ, ജുഡീഷ്യറിയിലെ ഒരു പ്രമുഖൻ, മോദി സർക്കാറിലെ രണ്ടു മന്ത്രിമാർ, ഇന്ത്യൻ സുരക്ഷ ഏജൻസികളുടെ നിലവിലുള്ളവരും വിരമിച്ചവരുമായ മേധാവികൾ, ഉദ്യോഗസ്ഥർ, വ്യവസായപ്രമുഖർ എന്നിവർ ചാരവൃത്തിക്ക് ഇരയായതായാണ് 'ദ വയർ' വാർത്ത പോർട്ടൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.