Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'പ്രധാനമന്ത്രിക്ക്...

'പ്രധാനമന്ത്രിക്ക് ലോകത്തോട് ഹിന്ദിയിൽ സംസാരിക്കാമെങ്കിൽ പിന്നെ നാമെന്തിനാണ് മടിച്ചുനിൽക്കുന്നത്'; ഹിന്ദിയെ ആയുധമാക്കാനുറച്ച് അമിത് ഷാ

text_fields
bookmark_border
amit shah and modi 14921
cancel

ന്യൂഡൽഹി: ഹിന്ദി ഭാഷയെ ഇന്ത്യക്കാരുടെ സാംസ്കാരിക ബോധത്തിന്‍റെയും ദേശീയ ഐക്യത്തിന്‍റെയും അടിത്തറയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സെപ്റ്റംബർ 14 ഹിന്ദി ഭാഷാ ദിവസമായി ആചരിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകത്തോട് ഹിന്ദിയിൽ സംസാരിക്കാമെങ്കിൽ പിന്നെ നാമെന്തിന് മടിച്ചു നിൽക്കണം. ഹിന്ദി സംസാരിക്കുന്നത് മോശമായി കണ്ടിരുന്ന കാലം കഴിഞ്ഞു. എല്ലാ ഇന്ത്യൻ ഭാഷകളോടുമൊപ്പം ഹിന്ദിയുടെയും വികസനം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് -ഷാ പറഞ്ഞു.

കേന്ദ്ര സർക്കാറിന്‍റെ ആത്മനിർഭർ ഭാരത് പദ്ധതിയെയും ഹിന്ദിയെയും ബന്ധിപ്പിക്കുന്ന പ്രസ്താവനയും അമിത് ഷാ നടത്തി. ആത്മനിർഭർ ഭാരതിന്‍റെ അർഥം ഭാഷാപരമായി സ്വയംപര്യാപ്തമാവുക എന്നുകൂടിയാണ്. മാതൃഭാഷയുടെയും ഒൗദ്യോഗിക ഭാഷയുടെയും ഏകോപനത്തിലൂടെയാണ് പുരോഗതി കൈവരിക്കാനാകൂ. മാതൃഭാഷയോടൊപ്പം ഹിന്ദിയും വ്യാപകമായി ഉപയോഗിക്കാൻ രാജ്യത്തെ എല്ലാ ജനങ്ങളോടും ആവശ്യപ്പെടുകയാണ് -അമിത് ഷാ പറഞ്ഞു.

കേന്ദ്ര സർക്കാർ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുകയാണെന്ന ആരോപണം വിവിധ കോണുകളിൽ നിന്നുയരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തവണത്തെ ഹിന്ദി ദിനാചരണം.

ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്​ഥാനങ്ങളുമായി ഹിന്ദിയിൽ എഴുത്തുകുത്ത്​ നടത്തുന്നത്​ ശരിയല്ലെന്നും ഭാഷാഭ്രാന്ത്​ അപകടകരമാണെന്നും കഴിഞ്ഞ ദിവസം മദ്രാസ് ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം സംസ്​ഥാനങ്ങളുമായി അവരുടെ മാതൃഭാഷയിലോ ഇംഗ്ലീഷിലോ ആശയവിനിമയം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

"ഏതുതരത്തിലുള്ള വംശീയഭ്രാന്തും ഒരു സമൂഹത്തിനും നല്ലതല്ല. വംശശുദ്ധി വാദം ഏതുരൂപത്തിൽ പ്രകടിപ്പിച്ചാലും അതിനെ അപലപിക്കണം. ഭാഷാപരമായ ഔന്നിത്യവാദം കൂടുതൽ അപകടകരമാണ്. കാരണം ഇത് ഒരു ഭാഷ മാത്രം ശ്രേഷ്ഠമാണെന്നും മറ്റുഭാഷകൾ സംസാരിക്കുന്ന ആളുകളുടെ മേൽ അത്​ അടിച്ചേൽപ്പിക്കണമെന്നുമുള്ള ചിന്താഗതിയാണ്​'' -ജസ്റ്റിസുമാരായ എൻ. കൃപാകരൺ, എം. ദുരൈസ്വാമി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

മധുരയിൽ നിന്നുള്ള സി.പി.എം എം.പി സു. വെങ്കിടേശൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിവേദനങ്ങളും പരാതികളും നൽകുന്നത് ഏത് ഭാഷയിലാണോ അതേ ഭാഷയിൽ മറുപടി നൽകാൻ നിർദേശിച്ചത്. സി.ആർ.പി.എഫ് റിക്രൂട്ട്‌മെൻറ്​ പരീക്ഷാ കേന്ദ്രങ്ങൾ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് വെങ്കിടേശൻ കഴിഞ്ഞവർഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇംഗ്ലീഷിലുള്ള ഈ കത്തിന് ഹിന്ദിയിലാണ് മറുപടി നൽകിയത്​. ഇതിനെതിരെയാണ്​ വെങ്കിടേശൻ കോടതിയെ സമീപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahHindiHindi Diwas
News Summary - If PM Can Speak Hindi Internationally Amit Shah's Hindi Diwas Pitch
Next Story