കല്യാണിൽ ശ്രീകാന്ത് വീണാൽ തോൽക്കുന്നത് ഷിൻഡെ
text_fieldsമുംബൈ: കല്യാൺ ലോക്സഭ സീറ്റിൽ മത്സരിക്കുന്നത് മകനും നിലവിലെ എം.പിയുമായ ഡോ. ശ്രീകാന്ത് ഷിൻഡെയാണെങ്കിലും നെഞ്ചിടിപ്പ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കാണ്. ശിവസേനയെ പിളർത്തി ബി.ജെ.പി പാളയത്തിൽ ചേക്കേറി മുഖ്യമന്ത്രിയായ ഷിൻഡേക്ക് നിർണായകമാണ് കല്യാണിലെ പോര്. കല്യാണിലെ ബി.ജെ.പിയിൽ തന്നെ ഷിൻഡെക്ക് കടുത്ത എതിരാളികളുണ്ട്. ഷിൻഡെയുടെ മകന് സീറ്റ് നൽകുന്നതിനെ പ്രാദേശിക ബി.ജെ.പി നേതൃത്വം ശക്തമായി എതിർത്തിരുന്നു.
നിലവിലെ സാഹചര്യത്തിൽ ശക്തമായ മത്സരത്തിന് ശേഷിയുള്ള സ്ഥാനാർഥിയെയാണ് ഉദ്ധവ് താക്കറെ പക്ഷ ശിവസേന രംഗത്തിറക്കിയത്. കല്യാൺ മേഖലയിലെ ഷിൻഡെ കുടുംബാധിപത്യത്തെ ശക്തിയുക്തം എതിർക്കുന്ന വൈശാലി ദരേക്കർ റാണെയാണ് ഉദ്ധവ് പക്ഷ സ്ഥാനാർഥി. രണ്ടുതവണ കോർപറേറ്ററായ വൈശാലി 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കല്യാണിൽ രാജ് താക്കറെയുടെ എം.എൻ.എസ് സ്ഥാനാർഥിയായിരുന്നു. ഒരു ലക്ഷത്തിലേറെ വോട്ടുകളാണ് അന്ന് കിട്ടിയത്.
കല്യാൺ ഷിൻഡെയുടെ തട്ടകമാണെന്നാണ് പറയപ്പെടുന്നതെങ്കിലും മത്സരം ഏകപക്ഷീയമായിരിക്കില്ല. താക്കറേമാരില്ലാത്ത ശിവസേനയെയും ഷിൻഡെയെയും സാധാരണക്കാർ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം. ഷിൻഡെക്ക് അതിനേക്കാൾ തലവേദന ബി.ജെ.പിയാണ്. പൊലീസ് സ്റ്റേഷനിൽവെച്ച് ഷിൻഡെ പക്ഷ നേതാവിനുനേരെ കല്യാൺ ഈസ്റ്റിലെ ബി.ജെ.പി എം.എൽ.എ ഗണപത് ഗെയ്ക്വാദ് വെടിയുതിർത്ത സംഭവം ഇവിടത്തെ ബി.ജെ.പിയും ഷിൻഡെ പക്ഷവും തമ്മിലെ ശത്രുതയുടെ ആഴം വ്യക്തമാക്കുന്നതാണ്.
മണ്ഡലത്തിനുകീഴിലെ ആറ് നിയമസഭാ സീറ്റുകളിൽ മൂന്ന് സീറ്റ് ബി.ജെ.പിയുടേതാണ്. ബി.ജെ.പി എം.എൽ.എമാരുടെ വികസനങ്ങളുടെ ക്രെഡിറ്റ് ശ്രീകാന്ത് ഷിൻഡെ തട്ടിയെടുക്കുന്നു എന്നാണ് പ്രധാന ആരോപണം. ഒരു നിയമസഭാ സീറ്റാണ് ഷിൻഡെ പക്ഷത്തിനുള്ളത്. ഓരോന്നുവീതം ശരദ് പവാർ പക്ഷ എൻ.സി.പിയും എം.എൻ.എസുമാണ്. പവാർ പക്ഷ എം.എൽ.എ ജിതേന്ദ്ര ആവാദ് ഷിൻഡെക്കെതിരെ ശക്തമായ പ്രചാരണം നടത്തിവരുന്നു. കൂട്ടിന് ഉദ്ധവ് താക്കറെയുടെ മകനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെയുമുണ്ട്.
കല്യാണിൽ ഹാട്രിക് ജയത്തിനാണ് ഓർത്തോപിഡിക് സർജൻ കൂടിയായ ശ്രീകാന്ത് ഷിൻഡെ ശ്രമിക്കുന്നത്. പ്രാദേശിക തലത്തിലെ എതിർപ്പ് ശമിപ്പിക്കാനുള്ള കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം എത്രകണ്ട് വിജയിക്കുമെന്ന് കണ്ടറിയണം. കല്യാൺ പിടിച്ച് ഷിൻഡെക്ക് തിരിച്ചടിനൽകാൻ ഉദ്ധവ് പക്ഷവും തീവ്രശ്രമത്തിലാണ്. ഷിൻഡേക്കിത് ആത്മാഭിമാന പോരാട്ടമാണ്. മകൻ വീണാൽ തോൽക്കുന്നത് ഷിൻഡെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.