ബില്ലുകൾ തടഞ്ഞുവെച്ചാൽ രാജ്ഭവനുമുന്നിൽ ധർണയിരിക്കും -മമത
text_fieldsകൊൽക്കത്ത: നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെക്കുന്ന നടപടി ഗവർണർ സി.വി. ആനന്ദബോസ് തുടർന്നാൽ രാജ്ഭവനുമുന്നിൽ ധർണ നടത്തുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
അധ്യാപക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാനത്തെ സർവകലാശാലകളുടെയും സ്കൂളുകളുടെയും കോളജുകളുടെയും പ്രവർത്തനത്തിൽ ഗവർണർ ഇടപെടുകയാണ്. കലാശാലകൾ ഗവർണറുടെ തീട്ടൂരമനുസരിച്ച് പ്രവർത്തിച്ചാൽ ഫണ്ട് തടഞ്ഞുവെക്കുമെന്ന് മമത മുന്നറിയിപ്പ് നൽകി.
സംസ്ഥാന ഭരണകൂടത്തിന്റെ പ്രവർത്തനം നിശ്ചലമാക്കാനാണ് ഗവർണറുടെ ശ്രമം. ഒരു ബില്ലുപോലും തിരിച്ചയക്കുന്നില്ല. രണ്ടു തവണ ബിൽ തിരിച്ചയച്ചാൽ അത് നിയമമാകുമെന്ന വ്യവസ്ഥയുണ്ട്. സംസ്ഥാനങ്ങളുടെ അധികാരം കവർന്ന് ഫെഡറലിസത്തിൽ ഇടപെടാൻ ശ്രമിച്ചാൽ പ്രതിഷേധമുയർത്തും.
അനീതി ഞങ്ങൾ അനുവദിക്കില്ല. എങ്ങനെ തിരിച്ചടിക്കണമെന്ന് ബംഗാളിനറിയാം. കാത്തിരുന്ന് കാണുക. പ്രശ്നത്തിൽ സർക്കാർ നിയമപോരാട്ടം നടത്തുമെന്നും മമത കൂട്ടിച്ചേർത്തു.
ചാൻസലർ എന്ന അധികാരമുപയോഗിച്ച് ഞായറാഴ്ച രാത്രി പശ്ചിമ ബംഗാളിൽ ‘പ്രസിഡൻസി’ ഉൾപ്പെടെ ഏഴ് സർവകലാശാലകളിൽ ഗവർണർ, ഇടക്കാല വൈസ് ചാൻസലർമാരെ നിയമിച്ചിരുന്നു. മറ്റ് ഒമ്പത് സർവകലാശാലകളിലേക്കും സമാന രീതിയിൽ നിയമനത്തിനുള്ള ഒരുക്കം നടക്കുന്നുണ്ട്.
ഗവർണർ മുഖ്യമന്ത്രിയേക്കാൾ വലിയ ആളാണെന്ന് കരുതരുതെന്ന് മമത തുടർന്നു. ഗവർണർ പദവി നോമിനേറ്റ് ചെയ്ത് കിട്ടുന്നതാണെന്ന കാര്യം മറക്കരുത്. രാജ് ഭവന്റെ ചെലവ് വഹിക്കുന്നത് സംസ്ഥാന സർക്കാറാണെന്നും ഗവർണറല്ലെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.