‘ഗവർണറെ കേന്ദ്ര സർക്കാർ നിയന്ത്രിച്ചില്ലെങ്കിൽ തമിഴ് ജനതയുടെ രോഷമറിയും’; മുന്നറിയിപ്പുമായി സ്റ്റാലിൻ
text_fieldsഗവർണർ ആർ.എൻ രവിയെ കേന്ദ്ര സർക്കാർ നിയന്ത്രിച്ചില്ലെങ്കിൽ തമിഴ് ജനതയുടെ രോഷം അറിയുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മുന്നറിയിപ്പ്. ‘ദ ഹിന്ദു’വിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ജനങ്ങൾക്ക് നന്മ ചെയ്യുന്നതിൽനിന്ന് സർക്കാറിനെ തടയുകയാണ് ഗവർണറുടെ ഉദ്ദേശ്യമെന്നും തമിഴ്‌നാട് മികച്ച സംസ്ഥാനങ്ങളിലൊന്നായി മാറുന്നത് അദ്ദേഹത്തിന് സഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഡി.എം.കെ സമാധാനത്തോടെ ഭരണം നടത്തുന്നതിൽനിന്നും ജനങ്ങൾക്ക് നന്മ ചെയ്യുന്നതിൽനിന്നും സർക്കാരിനെ തടയുകയാണ് ഗവർണറുടെ ഉദ്ദേശ്യം. രണ്ട് വർഷത്തിനിടെ നിരവധി പദ്ധതികൾ ആവിഷ്കരിക്കുകയും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിലൊന്നായി തമിഴ്നാടിനെ ഉയർത്തിക്കാട്ടുകയും ചെയ്തു. ഗവർണർക്ക് ഇത് സഹിക്കാനായില്ല. രാജ്യത്തിനോ ജനങ്ങൾക്കോ നന്മ ചെയ്യാൻ അദ്ദേഹത്തിന് ഉദ്ദേശ്യമില്ല. അതുകൊണ്ടാണ് അദ്ദേഹം തമിഴ്‌നാട്ടിലെ ജനങ്ങൾക്കെതിരെയും സർക്കാറിനെതിരെയും സംസാരിക്കുന്നത്. ഭരണഘടനാ തത്വങ്ങൾ ലംഘിക്കുന്ന വിധത്തിലുള്ള അദ്ദേഹത്തിന്റെ അടിസ്ഥാനരഹിതമായ പ്രസംഗങ്ങളും പ്രവർത്തനങ്ങളും സാമൂഹിക അസ്വസ്ഥതക്ക് കാരണമാവുന്നുണ്ട്. ഇതൊന്നും ചെയ്യാൻ തനിക്ക് അധികാരമില്ലെന്നും ഭരണഘടന പ്രകാരം നിയമിതനായ ഗവർണറാണെന്നും അദ്ദേഹത്തിനറിയാം. അറിഞ്ഞുകൊണ്ട്, തമിഴ്‌നാട്ടിലെ ജനങ്ങളെ വെച്ച് അദ്ദേഹം കളിക്കുകയാണ്’, സ്റ്റാലിൻ ആരോപിച്ചു.
മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ ഗവർണറുടെ നടപടിയെയും സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചു. മന്ത്രിമാരെ നിയമിക്കാനോ നീക്കം ചെയ്യാനോ ഗവർണർക്ക് അധികാരമില്ലെന്നാണ് ഭരണഘടന പറയുന്നത്. കേന്ദ്രസർക്കാർ അദ്ദേഹത്തെ നിയന്ത്രിച്ചില്ലെങ്കിൽ തമിഴ് ജനതയുടെ രോഷം അറിയേണ്ടി വരും. ഇ.ഡിയെ ബി.ജെ.പി രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണ്. രാഷ്ട്രീയ പകപോക്കൽ ഉദ്ദേശ്യത്തോടെ ആദായനികുതി വകുപ്പ് സെന്തിൽ ബാലാജിയെ റെയ്ഡ് നടത്തി മനുഷ്യത്വരഹിതമായി അറസ്റ്റ് ചെയ്തു. സത്യസന്ധമായി പ്രവർത്തിക്കേണ്ട സംവിധാനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഒമ്പത് വർഷം മുമ്പത്തെ ഒരു കേസിൽ പൊടുന്നനെ റെയ്ഡ് നടത്തി 18 മണിക്കൂർ തടവിലാക്കേണ്ടതിന്റെ ആവശ്യമെന്താണ്? അദ്ദേഹം ഒരു മന്ത്രിയാണ്. പൊതുവേദികളിൽ പുറത്തും പരിപാടികളിൽ പങ്കെടുത്തയാളാണ് അദ്ദേഹം. അങ്ങനെയെങ്കിൽ ഒറ്റ ദിവസം കൊണ്ട് പൂട്ടിയിടാനും മൊഴിയെടുക്കാനുമുള്ള നിർബന്ധം എവിടെനിന്ന് വന്നുവെന്നും അദ്ദേഹം ചോദിച്ചു.
‘ഹൃദയത്തിൽ നാല് ബ്ലോക്കുകളുണ്ടെന്നും ഹൃദയശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നും പറഞ്ഞിട്ടും അത് നാടകമാണെന്ന് പരിഹസിക്കുകയാണ് ഇ.ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയും അറസ്റ്റും അധികാര ദുർവിനിയോഗമാണ്. അതിനാൽ സെന്തിലിനെ മന്ത്രിസഭയിൽനിന്ന് മാറ്റാനാകില്ലെന്നാണ് ഞങ്ങളുടെ നിലപാട്. ആശുപത്രിയിലായതിനാൽ വകുപ്പില്ലാതെ മന്ത്രിയായി തുടരുകയാണ്. സത്യസന്ധവും നിയമാനുസൃതവുമായ അന്വേഷണത്തെ ഞങ്ങൾ ഒരിക്കലും എതിർത്തിട്ടില്ല. പക്ഷേ, നിയമവിരുദ്ധമായി നീങ്ങിയാൽ അത് അംഗീകരിക്കാൻ കഴിയില്ല', സ്റ്റാലിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.