വാക്സിൻ പാഴാക്കിയാൽ വിഹിതം കുറയും; ജനസംഖ്യാടിസ്ഥാനത്തിൽ നൽകും
text_fieldsന്യൂഡൽഹി: രാജ്യത്ത് എല്ലാവർക്കും വാക്സിൻ സൗജന്യമാക്കിയതിനു പിന്നാലെ പുതുക്കിയ വാക്സിൻ നയം കേന്ദ്രം പുറത്തിറക്കി. സംസ്ഥാനങ്ങളിലെ ജനസംഖ്യ, രോഗവ്യാപനം, വാക്സിനേഷൻ പുരോഗതി, നേരത്തെ നല്കിയ വാക്സിെൻറ പാഴാക്കല്‍ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും വാക്സിന് നൽകുക.
നിര്‍മാതാക്കളില്‍ നിന്ന് പ്രതിമാസം ഉൽപാദിപ്പിക്കുന്ന വാക്സിെൻറ 75 ശതമാനം കേന്ദസര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കൈമാറും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വിതരണം ചെയ്യാം. ഇതിെൻറ വില കമ്പികൾക്ക് നിശ്ചയിക്കാം. വിലയില്‍ വരുത്തുന്ന മാറ്റം കമ്പനി മുന്‍കൂറായി അറിയിച്ചിരിക്കണം. വാക്സിന് നല്‍കുന്നതിെൻറ സര്‍വിസ് ചാര്‍ജായി 150 രൂപ വരെ സ്വകാര്യ ആശുപത്രികള്‍ക്ക് ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കാവുന്നതാണ്. വില നല്കി വാക്സിന് സ്വീകരിക്കാന്‍ കഴിവുള്ളവരെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്സിന് സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
കേന്ദ്രം നൽകുന്ന സൗജന്യവാക്സിൻ ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവര്‍, 18 വയസ്സ് പൂര്‍ത്തിയായവര്‍ എന്നിങ്ങനെ മുന്‍ഗണനാക്രമം പാലിക്കണം. വാക്സിെൻറ വിഹിതം സംസ്ഥാനങ്ങളെ നേരത്തെ അറിയിക്കും. ജനങ്ങള്‍ക്ക് വാക്സിന് വിതരണം സംബന്ധിച്ചുള്ള വിവരം ലഭ്യമാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ്.
കോവിന്‍ പ്ലാറ്റ് ഫോം കൂടാതെ സര്‍ക്കാര്‍,സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങളിൽ മുന്‍കൂര്‍ രജിസ്ട്രേഷനുള്ള സൗകര്യം ലഭ്യമാക്കും. സ്ഥാപനങ്ങള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. രജിസ്ട്രേഷനു വേണ്ടി പൊതു സേവനകേന്ദ്രങ്ങളും കോള്‍ സെൻററുകളും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പരമാവധി ഉപയോഗപ്പെടുത്താവുന്നതാെണന്നു പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
സൗജന്യ വാക്സിൻ പ്രഖ്യാപിച്ചതിനു പിന്നാെല കേന്ദ്രം ദേശീയ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് 25 കോടി ഡോസ് കോവിഷീൽഡ് വാക്സിനുകൾക്കും ഭാരത് ബയോടെക്കിൽ നിന്ന് 19 കോടി ഡോസ് കോവാക്സിനും ഓർഡർ നൽകി.
വാക്സിന് വില നിശ്ചയിച്ച് കേന്ദ്രം കോവിഷീൽഡിന് 780, കോവാക്സിന് 1,410
ന്യൂഡൽഹി: എല്ലാവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിച്ചതിനു പിന്നാലെ പുറത്തിറക്കിയ പുതിയ വാക്സിൻ നയത്തിൽ സ്വകാര്യ ആശുപത്രികൾക്ക് 150 രൂപ വരെ സർവിസ് ചാർജ് ഈടാക്കാമെന്ന് കേന്ദ്രം.
ഇതുപ്രകാരം നിലവിൽ കമ്പനികൾ നിശ്ചയിച്ച വിലയും ജി.എസ്.ടിയും ഉൾപ്പെടുത്തി ആശുപത്രികൾക്ക് വാക്സിന് പരമാവധി ഈടാക്കാനാവുന്ന വിലവിവര പട്ടിക കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകി.
അഞ്ചു ശതമാനമാണ് ജി.എസ്.ടി നിശ്ചയിച്ചിരിക്കുന്നത്.സ്വകാര്യ ആശുപ്രതികൾക്ക് കോവിഷീൽഡ് ഒരു ഡോസിന് 600 രൂപയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ നിശ്ചിയിച്ച വില. ജി.എസ്.ടി 30 രൂപയും സർവിസ് ചാർജ് 150 രൂപയും അടക്കം ആകെ 780 രൂപ വരെയാണ് കോവിഷീൽഡ് ഒരു ഡോസിന് ആശുപത്രികൾക്ക് പരമാവധി ഈടാക്കാനാവുക.
കോവാക്സിന് നിർമാതാക്കളായ ഭാരത് ബയോടെക് നിശ്ചയിച്ച വില 1,200 രൂപയാണ്. ഇതോടൊപ്പം ജി.എസ്.ടി 60 രൂപയും സർവിസ് ചാർജ് 150 രൂപയും അടക്കം ഡോസിന് 1,410 രൂപ വരെ ആശുപത്രികൾക്ക് ഈടാക്കാം. റഷ്യൻ വാക്സിനായ സ്പുട്നിക് വാക്സിന് ജി.എസ്.ടിയും സർവിസ് ചാർജുമടക്കം 1,145 രൂപയാണ് നിശ്ചയിച്ചത്. പുതിയ വാക്സിൻ നയ പ്രകാരം കമ്പനികൾക്ക് പ്രതിമാസ ഉൽപാദനത്തിെൻറ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നൽകാം. വില കമ്പനികൾക്ക് നിശ്ചയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.