ബി.ജെ.പിക്കൊപ്പം നിന്നില്ലെങ്കിൽ തോൽപ്പിക്കും; ശിവസേനക്ക് താക്കീതുമായി അമിത് ഷാ
text_fieldsമുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പം നിന്നില്ലെങ്കിൽ മുൻ സഖ്യകക്ഷിയായാലും തോൽപ്പിക്കുമെന്ന് ശിവേസനക്ക് താക്കീത് നൽകി ദേശീയ അധ്യക്ഷൻ അമിത് ഷാ. സഖ്യ കക്ഷികളുടെ വിജയം ബി.ജെ.പി ഉറപ്പു വരുത്തും. എന്നാൽ പാ ർട്ടിയുമായി ഒരുമിച്ചു നിന്നില്ലെങ്കിൽ മുൻ സഖ്യമായാലും തോൽപ്പിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളിൽ 40 എണ്ണവും ബി.ജെ.പി നേടുമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിെൻറ പ്രഖ്യാപനത്തിനു തൊട്ടുപിറകെയാണ് ശിവസേനക്കെതിരെ അമിത് ഷായുടെ പരസ്യ പ്രസ്താവന. ഒസ്മനാബാദിലെ ലാത്തൂരിൽ ബി.ജെ.പി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഖ്യകക്ഷികളെ കുറിച്ച് പ്രവർത്തകരുടെ ഇടയിലുള്ള അനിശ്ചിതത്വം ഒഴിവാക്കണം. പാർട്ടിയുമായി സഖ്യത്തിലുള്ളവരെ എന്തുവിലകൊടുത്തും വിജയിപ്പിക്കും. അല്ലാത്തവരെ പരാജയപ്പെടുത്തുക തന്നെ ചെയ്യും. പാർട്ടി പ്രവർത്തകർ ബൂത്ത് തലത്തിൽ അതിനുള്ള ഒരുക്കങ്ങൾ നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
രാജ്യം 200 വർഷമായി അടിമത്തത്തിലായിരുന്നു. ഇൗ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയിക്കാനായാൽ നമ്മുടെ ആശയങ്ങൾ അടുത്ത അമ്പതു വർഷങ്ങൾ കൂടി ഭരിക്കും. അതിനാൽ ഇൗ തെരഞ്ഞെടുപ്പ് വിജയിക്കാൻ കഠിനാധ്വാനം ചെയ്യണം. 2014 ൽ ഉത്തർപ്രദേശിൽ 73 സീറ്റുകൾ ബി.ജെ.പി നേടി. ഇത്തവണ എസ്.പിയും ബി.എസ്.പിയും ഒരുമിച്ചാലും ബി.ജെ.പി 74 സീറ്റിൽ ജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.
2014 ലേതിനേക്കാളും വലിയ വിജയമായിരിക്കും 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടുകയെന്ന് ഫട്നാവിസും അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.