‘ഇതനുവദിച്ചാൽ ഏത് രാഷ്ട്രീയക്കാരനെയും ഇത്തരം കേസിൽ കുടുക്കാം’ -കെ.എം. ഷാജിക്കെതിരായ കേസിൽ തുറന്നടിച്ച് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ് തള്ളിയ സുപ്രീം കോടതി നടത്തിയത് രൂക്ഷ വിമർശനം. കോഴക്കേസിൽ വിജിലന്‍സ് അന്വേഷണം ഹൈകോടതി റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാറും കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കേസ് റദ്ദാക്കിയതിനെതിരെ ഇ.ഡിയും നല്‍കിയ ഹരജികൾ തള്ളിയാണ് സുപ്രീംകോടതിയുടെ ചോദ്യങ്ങൾ.
“നിങ്ങൾ 54 സാക്ഷി മൊഴികൾ രേഖപ്പെടുത്തി. എന്നാൽ, തന്റെ സാന്നിധ്യത്തിൽ പണം ആവശ്യപ്പെട്ടെന്ന് ഒരു സാക്ഷിയും പറയുന്നില്ല. മാനേജർ ഉൾപ്പെടെയുള്ള സാക്ഷികളുടെ മൊഴികളടങ്ങിയ മുഴുവൻ രേഖയും ഞങ്ങൾ പരിശോധിച്ചു. പണം ആവശ്യപ്പെട്ടതായി മറ്റാരോ പറഞ്ഞതായാണ് ഇതിൽ പറയുന്നത്. മൊഴി നല്‍കിയവരില്‍ ഏതെങ്കിലും ഒരു വ്യക്തി ഷാജി പണം ആവശ്യപെട്ടിട്ടുണ്ടോ എന്നും പണം വാങ്ങിയോ എന്നും മൊഴി നല്‍കിയിട്ടുണ്ടോ? അത്തരം ഒരു മൊഴിയുണ്ടെങ്കില്‍ അത് കാണിക്കണം. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടത്. ഞങ്ങൾ ഇത് (കെ.എം. ഷാജിക്കെതിരായ തുടരന്വേഷണം) അനുവദിച്ചാൽ, ഏത് രാഷ്ട്രീയക്കാരനെയും ഇങ്ങനെ കേസിൽ കുടുക്കാം’ -സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരോട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അഭയ് എസ്. ഓക, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.
2014-ല്‍ കണ്ണൂർ അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ സ്കൂൾ മാനേജരിൽ നിന്ന് കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020-ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് നേരത്തെ കേരള ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ആണ് സുപ്രീം കോടതിയില്‍ ഹാജരായി. കെ.എം. ഷാജിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരും ഹാജരായി.
അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും വിചാരണ കോടതിയാണ് ഷാജി കുറ്റക്കാരനാണോ അല്ലയോ എന്ന് കണ്ടെത്തേണ്ടതെന്നും സര്‍ക്കാര്‍ അഭിഭാഷകൻ വാദിച്ചെങ്കിലും കേസ് തുടരാൻ കോടതി അനുവദിച്ചില്ല. 2014ല്‍ കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം നേതാവ് കുടുവൻ പത്മനാഭൻ നൽകിയ പരാതിയിലാണ് ഷാജിക്കെതിരെ കേസെടുത്തത്. 2020ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.