"താങ്കൾ തിരക്കിലാണെങ്കിൽ, സഹായത്തിന് ആരെയെങ്കിലും കാണിച്ചുതരൂ... വിദേശകാര്യമന്ത്രിയോട് സിദ്ധരാമയ്യ
text_fieldsന്യൂഡൽഹി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവിദേശ കാര്യമന്ത്രി എസ് ജയ്ശങ്കറും കർണാടക കോൺഗ്രസ് നേതാവും തമ്മിൽ വാക്പോര് മുറുകുന്നു. കർണാടകയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട 31 പേർ സുഡാനിൽ കുടിങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇവരെ തിരികെകൊണ്ടുവരുന്നതിൽ കേന്ദ്ര സർക്കാർ നിഷ്‌ക്രിയത്വം കാണിക്കുന്നു എന്ന് ആരോപിച്ചു കർണാടക മുൻ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തതോടെയാണ് ഇരുവരും തമ്മിൽ വാക് പോര് ആരംഭിച്ചത്.
സുഡാനിൽ കുടുങ്ങികിടക്കുന്നവർ ഭക്ഷണം പോലും ലഭിക്കാതെ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അവരെ തിരികെ കൊണ്ടുവരാൻ സർക്കാർ ഇതുവരെ നടപടി ആരംഭിച്ചിട്ടില്ലെന്നുമായിരുന്നു സിദ്ധരാമ്മയ്യയുടെ ആരോപണം.
ഇതിനെതിരേ ശക്തമായ ഭാഷയിൽ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും ഒരു തെരഞ്ഞെടുപ്പ് ലക്ഷ്യവും വിദേശത്തുള്ള ഇന്ത്യക്കാരെ അപകടത്തിലാക്കുന്നതിനെ ന്യായീകരിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. താങ്കളുടെ ട്വീറ്റ് കണ്ട് ഞെട്ടിപ്പോയി. അവിടെ ജീവനുകൾ അപകടത്തിലാണ്. രാഷ്ട്രീയം കളിക്കരുതെന്നും സിദ്ധരാമയ്യയ്ക്ക് ജയ്ശങ്കർ മറുപടി കൊടുത്തു.
ഇതിനോട് അതിരൂക്ഷമായഭാഷയിൽ സിദ്ധരാമയ്യയും തിരിച്ചടിക്കുകയായിരുന്നു. "താങ്കൾ വിദേശകാര്യ മന്ത്രി ആയതിനാൽ, ഞാൻ താങ്കളോട് സഹായം അഭ്യർഥിച്ചു. താങ്കൾ തിരക്കിലാണെങ്കിൽ, ഞങ്ങളുടെ ആളുകളെ തിരികെ കൊണ്ടുവരാൻ സഹായിക്കാൻ കഴിയുന്ന ആളെ കാണിച്ചുതരൂ..." അദ്ദേഹം ട്വീറ്റ് ചെയ്തു.
വാക്പോരിനിടെ, സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സർക്കാർ നടത്തുന്ന ശ്രമങ്ങളും മന്ത്രി വിശദീകരിച്ചു.സുഡാനിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര ചർച്ചകൾ ഉടൻ ആരംഭിക്കണമെന്നും അന്താരാഷ്ട്ര ഏജൻസികളുമായി ബന്ധപ്പെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.നിലവിലെ സാഹചര്യം കുറച്ച് ദിവസത്തേക്ക് കൂടി തുടർന്നേക്കാമെന്നും ഇന്ത്യൻ പൗരന്മാർ പുറത്തിറങ്ങാതെ ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.