'യോഗിക്ക് വോട്ടു ചെയ്തില്ലെങ്കിൽ ബുൾഡോസർ കയറ്റും'
text_fieldsന്യൂഡൽഹി: യു.പി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടു ചെയ്തില്ലെങ്കിൽ എന്തായിരിക്കും അനുഭവം? വോട്ടു കുറഞ്ഞ മേഖലകൾ കണ്ടെത്തി ബുൾഡോസർ കയറ്റും. പറഞ്ഞത് തെലങ്കാനയിലെ ഏക ബി.ജെ.പി എം.എൽ.എയായ ടി. രാജാസിങ്.
വോട്ടർമാരെ വിരട്ടുന്ന വിഡിയോ എം.എൽ.എ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് വിവാദമായതിനെ തുടർന്ന് തെരഞ്ഞെടുപ്പു കമീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ''ആയിരക്കണക്കിന് ബുൾഡോസറും ജെ.സി.ബിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാങ്ങിയിട്ടുണ്ട്. അതു വന്നുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ, യോഗിക്കെതിരെ വോട്ടുചെയ്തവരുടെ പ്രദേശങ്ങൾ കണ്ടുപിടിക്കും. എന്തിനാണ് ജെ.സി.ബിയും ബുൾഡോസറും ഉപയോഗിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമെന്ന് എനിക്കുറപ്പുണ്ട്. യോഗി വീണ്ടും മുഖ്യമന്ത്രിയാകരുതെന്ന് ആഗ്രഹിക്കുന്ന യു.പിയിലെ ചതിയന്മാരുണ്ടല്ലോ. അവരോട് പറയുകയാണ്.
യു.പിയിൽ ജീവിക്കണമെങ്കിൽ നിങ്ങൾ യോഗി-യോഗിയെന്ന് ചൊല്ലിക്കൊള്ളണം. അതല്ലെങ്കിൽ യു.പിയിൽനിന്ന് നിങ്ങൾക്ക് ഓടേണ്ടി വരും.'' -ഇങ്ങനെയാണ് വിഡിയോയിൽ എം.എൽ.എയുടെ വിരട്ടൽ. അതിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. തെരഞ്ഞെടുപ്പു കമീഷൻ ഇതു കാണുന്നുണ്ടോ എന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ചോദിച്ചു. ഇതിനെല്ലാം പിന്നാലെയാണ് കമീഷൻ ഇടപെട്ടത്. 24 മണിക്കൂറിനകം വിശദീകരണം നൽകാൻ കമീഷൻ നിർദേശിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വ്യവസ്ഥകൾ പ്രഥമദൃഷ്ട്യാ എം.എൽ.എ ലംഘിച്ചതായി നോട്ടീസിൽ പറഞ്ഞു. പശ്ചിമ യു.പിയിലെ രണ്ടു ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് ബി.ജെ.പി എം.എൽ.എ രോഷാകുലനായി വിഡിയോ ഇറക്കിയത്. പശ്ചിമ യു.പിയിൽ കർഷക, ന്യൂനപക്ഷ വികാരം ബി.ജെ.പിക്ക് തിരിച്ചടി നൽകിയെന്ന സൂചനകളാണ് പ്രേരണ.
ഫെബ്രുവരി 14ന് 55 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ പോളിങ് ശരാശരി 63 ശതമാനമായിരുന്നു. 10ന് നടന്ന ആദ്യഘട്ടത്തിലും പോളിങ് 60 ശതമാനത്തിന് മുകളിലാണ്.
കർഷക സമരത്തിന്റെ മുന്നിൽനിന്ന ജാട്ട് വിഭാഗക്കാരും ഒപ്പം ന്യൂനപക്ഷങ്ങളും യോഗിയെ തോൽപിക്കാൻ കൂട്ടമായി ഇറങ്ങി വോട്ടു ചെയ്തെന്നാണ് എം.എൽ.എയുടെ വിലയിരുത്തൽ.
ചതിയന്മാരുടെ ഗൂഢാലോചനയുള്ളതുകൊണ്ട് ഹിന്ദു സഹോദരീ സഹോദരന്മാർ ബാക്കിയുള്ള അഞ്ചുഘട്ടങ്ങളിൽ മടി കൂടാതെ വോട്ടുചെയ്യണമെന്ന് വിഡിയോയിൽ രാജാസിങ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.