Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നിങ്ങൾ തെറ്റായ ഭക്ഷണം...

'നിങ്ങൾ തെറ്റായ ഭക്ഷണം കഴിച്ചാൽ...'; നോൺ-വെജ് കഴിക്കുന്നവർക്ക് മോഹൻ ഭാഗവതിന്‍റെ മുന്നറിയിപ്പ്

text_fields
bookmark_border
mohan bhagawat
cancel

നാഗ്പൂർ: നോൺ-വെജ് ഭക്ഷണം കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. തെറ്റായ രീതിയിലുള്ള ഭക്ഷണം കഴിച്ചാൽ തെറ്റായ വഴികളിലേക്ക് അത് നിങ്ങളെ നയിക്കും. അതിനാൽ തെറ്റായ ഭക്ഷണം കഴിക്കരുത്. ഏറെ അതിക്രമം നിറഞ്ഞ ഭക്ഷണവും കഴിക്കരുത് -സംഘ്പരിവാർ സംഘടനയായ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ട് മോഹൻ ഭാഗവത് പറഞ്ഞു.

'തെറ്റായ ഭക്ഷണം കഴിക്കുന്നത് നിങ്ങളെ തെറ്റായ പാതയിലേക്ക് നയിക്കും. 'തമസിക്' ഭക്ഷണം കഴിക്കരുത്. ഏറെ അതിക്രമത്തിന്‍റെ ഫലമായുണ്ടാകുന്ന ഭക്ഷണവും കഴിക്കരുത്' -ഭാഗവത് പറഞ്ഞു. നോൺ-വെജ് ഭക്ഷണങ്ങളെയാണ് സാധാരണയായി 'തമസിക്' എന്ന് പറയുന്നത്.

നോൺ-വെജ് കഴിക്കുന്ന പാശ്ചാത്യ ജനങ്ങളും ഇന്ത്യക്കാരും തമ്മിൽ വ്യത്യാസമുണ്ടെന്നും മോഹൻ ഭാഗവത് അവകാശപ്പെട്ടു. 'ലോകത്തെല്ലായിടത്തും ഉള്ളതുപോലെ നോൺ-വെജ് കഴിക്കുന്നവർ ഇന്ത്യയിലുമുണ്ട്. എന്നാൽ, ഇന്ത്യയിലെ നോൺ-വെജ് കഴിക്കുന്നവർ ചില നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കാറുണ്ട്. നോൺ-വെജിറ്റേറിയൻസ് ശ്രാവണ മാസത്തിൽ മാംസം കഴിക്കാറില്ല. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും നോൺ-വെജ് കഴിക്കില്ല. അവർ സ്വയം നിയന്ത്രണം കൊണ്ടുവരാറുണ്ട്' -മോഹൻ ഭാഗവത് പറഞ്ഞു.

രാജ്യത്ത് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായ പശ്ചാത്തലത്തിലാണ് നോൺ-വെജ് ഭക്ഷണത്തെ കുറിച്ച് ആർ.എസ്.എസ് മേധാവിയുടെ പ്രസ്താവന. നവരാത്രി വേളയിൽ വിശ്വാസികൾ വ്രതമെടുക്കുകയും മാംസ ഭക്ഷണം ഒഴിവാക്കുകയും ചെയ്യാറുണ്ട്.

നോൺ-വെജ് ഭക്ഷണങ്ങളുടെ പരസ്യം നിരോധിക്കണമെന്ന് പൊതുതാൽപര്യ ഹരജി; ഹൈകോടതി തള്ളി

മുംബൈ: നോൺ-വെജ് ഭക്ഷണങ്ങളുടെ പരസ്യം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി ബോംബെ ഹൈകോടതി തള്ളി. ജെയ്ൻ ചാരിറ്റബിൾ ട്രസ്റ്റാണ് ഹരജി നൽകിയത്.

അച്ചടി മാധ്യമങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും നോൺ-വെജ് ഭക്ഷണങ്ങളുടെ പരസ്യം നിരോധിക്കുകയോ നിയന്ത്രിക്കുകയോ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, മറ്റുള്ളവരുടെ അവകാശത്തിനു മേൽ കടന്നുകയറുന്നത് എന്തിനാണെന്ന് പരാതിക്കാരോട് ചോദിച്ച ഹൈകോടതി ഹരജി തള്ളുമെന്ന് വ്യക്തമാക്കി. ഇതോടെ ഹരജി പിൻവലിക്കുകയാണെന്ന് പരാതിക്കാർ അറിയിക്കുകയായിരുന്നു.

ശ്രീ ആത്മ കമൽ ലബ്ദിസുരീശ്വർജി ജെയ്ൻ ജ്ഞാൻമന്ദിർ ട്രസ്റ്റ്, ശ്വേത് മൊതിശ റിലീജിയസ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, ശ്രീ വർധമാൻ പരിവാർ, മുംബൈയിലെ ബിസിനസുകാരനായ ജ്യോതീന്ദ്ര രാംനിക്ലാൽ ഷാ എന്നിവരാണ് ഹരജിക്കാർ. നോൺ-വെജ് പരസ്യങ്ങൾ സമാധാനത്തോടെ ജീവിക്കാനും സ്വകാര്യതക്കുമുള്ള തങ്ങളുടെ അവകാശത്തെ ഹനിക്കുന്നുവെന്നായിരുന്നു ഇവരുടെ ആക്ഷേപം. തങ്ങളുടെ കുട്ടികൾ ഇത്തരം പരസ്യങ്ങൾ കാണാൻ നിർബന്ധിതരാകുകയാണെന്നും അത് അവരുടെ ചിന്താഗതിയെ മാറ്റുന്നുണ്ടെന്നും ഹരജിയിൽ പറഞ്ഞു.

സഹജീവികളോടുള്ള സഹാനുഭൂതി ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങളിലൊന്നാണെന്നും, ഇത്തരം പരസ്യങ്ങൾ അവയോടുള്ള ക്രൂരതയാണ് പ്രചരിപ്പിക്കുന്നതെന്നും ഹരജിക്കാൻ പറഞ്ഞു. മദ്യത്തിന്‍റെയും സിഗററ്റിന്‍റെയും പരസ്യങ്ങൾക്ക് വിലക്കോ നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അത് പോലെ നിയന്ത്രണം വേണമെന്നും ഇവർ വാദിച്ചു. നോൺ-വെജ് ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതല്ല, പ്രകൃതിക്ക് ദോഷമുണ്ടാക്കുന്നു എന്നും അവകാശപ്പെട്ടു.

എന്നാൽ, ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾ നിയമനിർമാണത്തിന്‍റെ പരിധിയിലാണെന്നും കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നും ബെഞ്ച് വ്യക്തമാക്കി. കോടതിക്ക് നിയമം നിർമിക്കാനോ നിരോധനമേർപ്പെടുത്താനോ സാധിക്കില്ല.

രണ്ട് തരത്തിൽ ഹരജിയെ സമീപിക്കാമെന്ന് കോടതി പറഞ്ഞു. ഒരു സാധാരണക്കാരന്‍റെ കണ്ണിലൂടെ നോക്കുകയാണെങ്കിൽ, പരസ്യം വരുമ്പോൾ ചാനൽ മാറ്റിക്കോളൂ എന്ന് പറയാം. നിയമത്തിന്‍റെ കണ്ണിലൂടെ നോക്കിയാൽ, നിങ്ങളുടെ ആവശ്യം അംഗീകരിക്കാൻ അത്തരമൊരു നിയമം ഇവിടെയില്ല.

മറ്റുള്ളവരുടെ അവകാശത്തിൽ കടന്നുകയറാനാണ് ഹരജിക്കാർ ശ്രമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയിൽ പറയുന്ന മൗലികാവകാശം ലംഘിക്കുന്നതിനെ കുറിച്ച് എന്താണ് നിങ്ങളുടെ കാഴ്ചപ്പാട്. എന്തിനാണ് നിങ്ങൾ മറ്റൊരാളുടെ അവകാശത്തിൽ കടന്നുകയറുന്നത് -കോടതി ചോദിച്ചു.

തുടർന്ന്, കൃത്യമായ രേഖകളുടെയും വസ്തുതകളുടെയും പിൻബലത്തോടെ പുതിയ ഹരജി സമർപ്പിക്കാമെന്നും ഇപ്പോൾ പിൻവലിക്കാമെന്നും ഹരജിക്കാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohan Bhagwatnon-veg food
News Summary - If you eat wrong food...: Mohan Bhagwat's warning to non-veg eaters
Next Story