നദിക്കടിയിൽ മുങ്ങിയപ്പോൾ വൈദ്യുതി തൂണും മരങ്ങളും കണ്ടു; കൂടുതൽ ഉള്ളിലേക്ക് പോയാൽ തിരികെ വരാനാവില്ല -ഈശ്വർ മൽപെ
text_fieldsഷിരൂർ: ഗംഗാവലി പുഴയിൽ ഇനിയും ആഴത്തിൽ മുങ്ങിയാൽ തനിക്ക് ചിലപ്പോൾ തിരികെ വരാനാവില്ലെന്ന് ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പടെയുള്ള മൂന്നു പേർക്കായി തിരച്ചിൽ നടത്തുന്ന മാൽപെ സംഘം തലവൻ ഈശ്വർ മൽപെ. നദിയിൽ അത്രക്കും ഒഴുക്കുണ്ട്. അടിയൊഴുക്കിന് 60 കിലോമീറ്റർ വേഗതയുണ്ട്.
താൻ ഏഴു തവണ നദിയിൽ മുങ്ങി. ആഴത്തിൽ വൈദ്യത തൂണിന്റെ സ്റ്റേ വയർ മരത്തിൽ ചുറ്റി കിടക്കുന്നുണ്ടായിരുന്നു. മരക്കഷണങ്ങളും ഉണ്ട്. ചെളിയും മണ്ണും മുടിക്കിടക്കുന്ന അവയുടെ അകത്തേക്ക് കയറാൻ കഴിയില്ല. ലോറി അതിനകത്തുണ്ടെന്ന് ഉറപ്പുവരുത്തണമെങ്കിൽ അകത്ത് കയറണം. പ്രയാസപ്പെട്ട് കയറിയാൽ ഞാൻ തിരികെ വരണമെന്നില്ലെന്നും മൽപെ പറഞ്ഞു. ഗംഗാവലിയുടെ രൗദ്രത്തിൽ തന്നെയാണ് ഇപ്പോഴും ഒഴുകി കൊണ്ടിരിക്കുന്നതെന്നും മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ പറഞ്ഞു.
അതേസമയം, ഗംഗാവാലി പുഴയിൽ ഇന്നും അർജുനായി തിരച്ചിൽ തുടരും. നാവികസേനയെ കൂടാതെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽ വിദഗ്ധരായ മൽപെ സംഘവും ശനിയാഴ്ച തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, നദിയിൽ ലോറിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ല. കനത്ത അടിയൊഴുക്കും കലങ്ങിയൊഴുകുന്ന വെള്ളവും മോശം കാലാവസ്ഥയുമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്.
ജൂലൈ 16നാണ് ദേശീയപാത 66ൽ മണ്ണിടിച്ചിലുണ്ടാകുന്നത്. ലോറി ഡ്രൈവർമാർ വാഹനം നിർത്തി വിശ്രമിക്കുന്ന മേഖലയിലാണ് വൻതോതിൽ മണ്ണിടിഞ്ഞത്. 12ലേറെ പേർ സംഭവത്തിൽ മരിച്ചിരുന്നു. കാണാതായ അർജുൻ മണ്ണിനടിയിലുണ്ടാകുമെന്ന നിഗമനത്തിൽ ദിവസങ്ങളോളം മണ്ണ് മാറ്റി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നദിയിൽ ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ നാല് പോയിന്‍റുകളിൽ ലോഹവസ്തുവിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ഇവിടം കേന്ദ്രീകരിച്ചാണ് തിരച്ചിൽ തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.