'ബംഗാളിൽ സി.എ.എ നടപ്പിലാക്കും, ധൈര്യമുണ്ടെങ്കിൽ തടഞ്ഞ് നോക്കൂ'; മമതയെ വെല്ലുവിളിച്ച് ബി.ജെ.പി
text_fieldsകൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് തറപ്പിച്ചു പറഞ്ഞ അദ്ദേഹം ധൈര്യമുണ്ടെങ്കിൽ തടഞ്ഞ് നോക്കണമെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
നിയമപരമായ രേഖകളുള്ള ഒരാളുടെയും പൗരത്വം എടുത്തുകളയുമെന്ന് സി.എ.എ നിർദേശിക്കുന്നില്ലെന്നും ബംഗാളിൽ നടന്ന ഒരു പരിപാടിയിൽ അധികാരി പറഞ്ഞു. "സി.എ.എയെ കുറിച്ച് ഞങ്ങൾ നിരവധി തവണ ചർച്ച ചെയ്തിട്ടുണ്ട്. നിയമം സംസ്ഥാനത്ത് തീർച്ചയായും നടപ്പാക്കും. ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി അത് തടഞ്ഞ് നോക്കൂ"- അധികാരി പറഞ്ഞു.
അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ട കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ സി.എ.എ സഹായിക്കുന്നു. ബംഗാളിലെ മതുവ സമുദായാംഗങ്ങൾക്കും പൗരത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഏകദേശം 30 ലക്ഷം മതുവുകൾ ഉള്ള നാദിയ, നോർത്ത്, സൗത്ത് 24 പർഗാനാസ് ജില്ലകളിലെ കുറഞ്ഞത് അഞ്ച് ലോക്‌സഭാ സീറ്റുകളിലും 50-ഓളം നിയമസഭാ സീറ്റുകളിലും സമുദായത്തിന് സ്വാധീനമുണ്ട്.
ബംഗാളിൽ സി.എ.എ യാഥാർഥ്യമാകുമെന്നും ലക്ഷ്യം സാക്ഷാത്കരിക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രമന്ത്രിയും ബൊംഗൗണിൽ നിന്നുള്ള ബി.ജെ.പി എം.പിയുമായ ശന്തനു താക്കൂർ പറഞ്ഞു. 2024ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി സി.എ.എ കാർഡ് ഉപയോഗിച്ച് കളിക്കുകയാണെന്നും എന്നാൽ അതിനൊരിക്കലും അനുവദിക്കില്ലെന്നും ബംഗാളിലെ മുതിർന്ന മന്ത്രി ഫിർഹാദ് ഹക്കിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.