'ഭാരത് മാതാ കീ ജയ് പറയുന്നവർക്കേ ഇന്ത്യയിൽ സ്ഥാനമുള്ളൂ'; വിവാദ പരാമർശവുമായി കേന്ദ്ര മന്ത്രി
text_fieldsഹൈദരാബാദ്: ഇന്ത്യയിൽ താമസിക്കണമെങ്കിൽ ഭാരത് മാതാ കീ ജയ് പറയണമെന്ന് കേന്ദ്ര കൃഷി മന്ത്രി കൈലാഷ് ചൗധരി. ഫാർമേഴ്സ് കൺവെൻഷനിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
ഹൈദരാബാദിൽ ജനപ്രതിനിധികൾ ഉപയോഗിക്കുന്ന ഭാഷയെ കുറിച്ച് സംസാരിക്കുന്നതിനിടെ അത്തരക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്നും ദേശീയ ചിന്താഗതിയുള്ള ഒരു സർക്കാർ സംസ്ഥാനത്ത് രൂപീകരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിന്ന് കൊണ്ട് ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന് പറയുന്നവർ നരകത്തിൽ പോകും. നിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ഭാരത് മാതാ കീ ജയ് പറയണം. ഇന്ത്യയിൽ ജീവിക്കുമ്പോൾ പാകിസ്താൻ കീ ജയ് എന്ന് പറയാൻ പാടില്ലല്ലോ. വന്ദേ ഭാരതം, ഭാരത് മാതാ കീ ജയ് എന്നിവ പറയുന്നവർക്കേ ഇന്ത്യയിൽ സ്ഥാനമുള്ളൂ. ഹിന്ദുസ്ഥാനിൽ വിശ്വസിക്കാതെ, പാകിസ്താനിൽ വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ പാകിസ്താനിലേക്ക് പോകട്ടെയെന്നും രാജ്യത്തിന് അത്തരക്കാരെ ആവശ്യമില്ലെന്നും ചൗധരി കൂട്ടിച്ചേർത്തു.
ആന്ധ്രാപ്രദേശിനും തെലങ്കാനക്കുമിടയിൽ നദീജലം വിഭജിക്കുന്നത് നിയന്ത്രിക്കുന്ന കൃഷ്ണ ജല തർക്ക ട്രിബ്യൂണലിന്റെ പരിശോധന വിഷയങ്ങൾ കേന്ദ്ര മന്ത്രിസഭ അടുത്തിടെ അംഗീകരിച്ച സാഹചര്യത്തിലാണ് ബി.ജെ.പി കർഷക കൺവെൻഷൻ സംഘടിപ്പിച്ചത്. യോഗത്തിൽ കോൺഗ്രസിനെയും മന്ത്രി വിമർശിച്ചിരുന്നു. കോൺഗ്രസ് എന്ന പേര് മോഷ്ടിച്ചത് പോലെ കോൺഗ്രസ് ഇന്ത്യ എന്ന പേരും മോഷ്ടിച്ചിരിക്കുകയാണെന്നും ഗാന്ധിയെയും ഇവർ മോഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.