മുസ്ലിംകൾക്ക് ഐക്യദാർഢ്യവുമായി ഡൽഹി ബിഷപ്പ് ഹൗസിൽ ഇഫ്താർ
text_fieldsന്യൂഡൽഹി: മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണം രാജ്യമൊട്ടുക്കും ശക്തി പ്രാപിക്കുമ്പോൾ അവരെ ചേർത്തുപിടിച്ചും ഐക്യദാർഢ്യം പ്രഖ്യാപിച്ചും കത്തോലിക്കാ സഭയുടെയും ഡൽഹി ആർച്ച് ബിഷപ്പിന്‍റെയും ഇഫ്താർ. ബിഷപ്പ് ഹൗസായ യൂസുഫ് സദനിൽ വിവിധ മത, ആത്മീയ നേതാക്കളെ വിളിച്ചുകൂട്ടിയാണ് ഡൽഹി ആർച്ച് ബിഷപ്പ് അനിൽ ജി കുട്ടോ മുസ്ലിം സഹോദരങ്ങൾക്കായി ഇഫ്താർ ഒരുക്കിയത്. കത്തോലിക്കാ സഭയുടെ കീഴിലുള്ള ഡൽഹി ബിഷപ്പ് ഹൗസിൽ ഇതാദ്യമായാണ് വിവിധ മതനേതാക്കളെയും മുസ്ലിംകളെയും ഒരുമിച്ചിരുത്തി ഒരു ഇഫ്താർ സംഘടിപ്പിക്കുന്നത്.
ഇഫ്താറിന് ശേഷം 'മഗ്രിബ്' നമസ്ക്കാരത്തിനുള്ള സൗകര്യവും ആർച്ച് ബിഷപ്പ് ബിഷപ്പ് ഹൗസിൽ തന്നെ ഒരുക്കിയിരുന്നു. രാജ്യത്ത് നിലവിലുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ഇരയാക്കപ്പെടുന്ന മുസ്ലിം സമുദായത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് വിവിധ മത സമുദായങ്ങളെ മുസ്ലിംസഹോദരങ്ങൾക്കൊപ്പം വിളിച്ചു ഇഫ്ത്താർ സംഘടിപ്പിച്ചതെന്ന് ആർച്ച് ബിഷപ്പ് അനിൽ ജി കുട്ടോ 'മാധ്യമ'ത്തോടു പറഞ്ഞു. വ്യത്യസ്ത സംസ്ക്കാരങ്ങളും ഭാഷകളും നിലനിൽക്കുന്ന ബഹുസ്വരമായ നാടിന്‍റെ ധർമബോധം ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടിയാണിത് ചെയ്തത്. നമ്മൾ എത്ര സ്നേഹത്തിലാകുന്നുവോ അത്രയും നമ്മുടെ മഹത്വമേറും. വിവിധ മതസമുദായങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കാൻ എപ്പോഴും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. വളരെ ചെറിയൊരു കാര്യമാണ് ഇവിടെ ചെയ്തത്. ഇത്തരത്തിൽ ഒരുമയുടെ ഭാവപ്രകടനങ്ങൾക്കൊപ്പം നാം നിൽക്കേണ്ടതുണ്ട്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ഒന്നിനെയും നാം പിന്തുണക്കരുത് എന്നും ഡൽഹി ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
രണ്ട് തത്വങ്ങളാണിന്ന് ലോകത്തുള്ളതെന്ന് ഇഫ്താറിൽ പങ്കെടുത്ത അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഡോ. ധമ്മപൈയ പറഞ്ഞു. വിനാശമുണ്ടാക്കുന്ന വിദ്വേഷത്തിന്‍റെ തത്വവും നിർമാണാത്കമായ സ്നേഹത്തിന്റെ തത്വവും. നാമെല്ലാവരും പരസ്പരം ആശ്രതിരാണെന്നും ഒരാൾക്കും ഒറ്റക്ക് അതിജീവിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതീയ സർവ ധർമ സൻസദ് ദേശീയ കൺവീനർ ഗോസ്വാമി സുശീൽമഹാരാജ്, അഖിലേന്ത്യാ രവിദാസ്യ ധർമസംഘടന്‍റെ സ്വാമി വീർ സിങ്ങ് ഹിത്കാരി, ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷൻ മുഹമ്മദ് സലീം, സെക്രട്ടറി മുഹമ്മദ് അഹ്മദ്, ബ്രഹ്മകുമാരി സമാജത്തിന്‍റെ ഹുസൈൻ ബൻഡി ഇമാം ഡോ. എ.കെ മർച്ചന്‍റ് (ബഹായി സമുദായം), അഖിലേന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ പ്രസിഡന്‍റ് നവൈദ് ഹാമിദ്, പ്രൊഫ. അക്തറുൽവാസിഅ് തുടങ്ങി നിരവധി മതനേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.