മുസ്ലിം വിദ്യാർഥിനികൾക്കുനേരെയുള്ള അതിക്രമം; ദേശീയ വനിത കമീഷൻ ഇടപെടണമെന്ന് ഐ.ഐ.എം ബംഗളൂരു പ്രഫസർമാർ
text_fieldsബംഗളൂരു: ശിരോവസ്ത്ര നിരോധനവുമായി ബന്ധപ്പെട്ട് കർണാടകയിലെ മുസ്ലിം വിദ്യാർഥിനികൾ നേരിടുന്ന അതിക്രമങ്ങളിലും അവഹേളനങ്ങളിലും ദേശീയ വനിത കമീഷൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ബംഗളൂരുവിലെ അഞ്ചു പ്രഫസർമാർ കത്തയച്ചു. മതപരമായ വസ്ത്രധാരണത്തിന്റെ പേരിൽ വിദ്യാർഥിനികൾക്കുനേരെയുള്ള ഭീഷണികളിലും അധിക്ഷേപങ്ങളിലും അതിക്രമങ്ങളിലും ദേശീയ വനിത കമീഷൻ അടിയന്തരമായി ഇടപെട്ട് സ്വമേധയാ കേസെടുക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു. അതിക്രമങ്ങളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാണ് ആവശ്യം.
ഐ.ഐ.എം.ബി പ്രഫസർമാരായ റിത്വിക് ബാനർജി, ദീപക് മാൽഗാൻ, ദാൽഹിയ മാനി, പ്രതീക് രാജ്, ഹേമ സ്വാമിനാഥ് എന്നിവരാണ് ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമക്ക് ഇ-മെയിലായി വിശദമായ കത്തയച്ചത്. എല്ലാ മതത്തിലെയും സ്ത്രീകൾ പുരുഷമേധാവിത്വ നിയന്ത്രണങ്ങൾക്ക് വിധേയമാകുന്നുണ്ട്. അത്തരം സാഹചര്യം മാറേണ്ടതുണ്ട്.
മതനേതാക്കളും സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുചേർന്ന് മാറ്റം കൊണ്ടുവരണം. എന്നാൽ, ഒരു മതത്തിലെ ആചാരം മാത്രം ഒഴിവാക്കാനുള്ള നീക്കം സ്വീകാര്യമല്ല.
ഹൈകോടതി കേസ് പരിഗണിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ മുസ്ലിം സ്ത്രീകളുടെ അഭിമാനത്തിനും സുരക്ഷക്കും ഭീഷണിയുണ്ടെന്നും പ്രഫസർമാർ ആശങ്കയറിയിച്ചു. ഭയപ്പെടുത്തലും ഭീഷണിപ്പെടുത്തലും തുടർച്ചയായി ഉണ്ടാകുകയാണ്. ഇത് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കും. പെൺകുട്ടികളെ സ്കൂളിൽ അയക്കാത്ത സാഹചര്യമുണ്ടാകും. ബേഠി ബച്ചാവോ, ബേഠി പഠാവോ എന്ന പദ്ധതി തന്നെ പരാജയപ്പെടും.
മുസ്ലിം വിദ്യാർഥിനികൾ മാത്രമല്ല മറ്റു സമുദായത്തിലെ പെൺകുട്ടികൾക്കും പഠനം അന്യമായേക്കാമെന്നും വിഷയത്തിൽ വനിത കമീഷൻ ഇടപെടണമെന്നും പ്രഫസർമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.