വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ സീലിങ് ഫാനുകൾ അഴിച്ചുമാറ്റി ഐ.ഐ.എസ് സി
text_fieldsന്യൂഡൽഹി: വിദ്യാർഥികളുടെ തുടർച്ചയായ ആത്മഹത്യകൾ കാരണം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഹോസ്റ്റലുകളിൽ നിന്ന് സീലിങ്ങ് ഫാനുകൾ ഒഴിവാക്കുന്നു. ഈ വർഷം മാർച്ചിന് ശേഷം നാല് വിദ്യാർഥികളാണ് ഐ.ഐ.എസ്.സി ഹോസ്റ്റലുകളിൽ ആത്മഹത്യ ചെയ്തത്. ഇതിൽ മൂന്നു പേരും തൂങ്ങി മരിക്കുകയായിരുന്നു.
സീലിങ്ങ് ഫാനുകൾക്ക് പകരം ടേബിൾ ഫാനുകളോ, വാൽ മൗണ്ട് ഫാനുകളോ ഉപയോഗിക്കാനാണ് തീരുമാനം. ഇതോടൊപ്പം വിദ്യാർഥികൾക്ക് വ്യക്തിഗത മാനസികാരോഗ്യ ക്ലാസ്സുകളും കൗൺസിലിങ്ങുകളും നൽകുമെന്നും അധികൃതർ പറഞ്ഞു.
എന്നാൽ വിദ്യാർഥി ക്ഷേമവുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഒരു വിഭാഗം വിദ്യാർഥികൾ പറയുന്നത്. ലോക്ഡൗൺ കാലയളവിൽ ഹോസ്റ്റലിൽ തന്നെ തുടരേണ്ടി വന്ന വിദ്യാർഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ശ്രദ്ധിച്ചില്ലെന്നും സീലിംങ്ങ് ഫാനുകൾ ഒഴിവാക്കുന്നതിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു.
ഡെക്കാൻ ഹെറാൾഡ് വ്യാഴാഴ്ച കാമ്പസിനുള്ളിൽ നടത്തിയ വോട്ടെടുപ്പിൽ പ്രതികരിച്ച 90 ശതമാനം വിദ്യാർഥികളും സീലിംങ്ങ് ഫാനുകൾക്ക് പകരം ടേബിൾ ഫാനുകളോ വാൽ മൗണ്ട് ഫാനുകളോ വയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കണ്ടെത്തി. ലോക്ക്ഡൗൺ മുതലേ വിദ്യാർഥികൾ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. നിലവിൽ ക്ലാസിൽ പോകാനും തിരികെ ഹോസ്റ്റലിലേക്ക് വരാനും മാത്രമേ വിദ്യാർഥികൾക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. വിദ്യാർഥികൾ എന്താണ് ചെയ്യുന്നതെന്നും അവർ ആരുമായി ഇടപഴകുന്നുവെന്നും നിരീക്ഷിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ച, 'കോവിഡ് ബ്രിഗേഡ്' പരസ്പരം സംസാരിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കുകയും ഇത് വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ വിദ്യാർഥികളുടെ ഇത്തരം ആരോപണങ്ങളെ സർവകലാശാല അധികൃതർ എതിർത്തു. വിദ്യാർഥികൾക്ക് വേണ്ടി നിരവധി മാനസികാരോഗ്യ പരിപാടികൾ സർവകലാശാലയിൽ ആരംഭിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. വെൽനസ് സെന്‍റർ, ഇൻസ്റ്റിറ്റ്യൂട്ട് കമ്മ്യൂണിറ്റിക്കുള്ള വെൽനസ് എമർജൻസി കോൾ സേവനം, ഓൺലൈൻ കൗൺസിലിംഗ്, മാനസികാരോഗ്യവും ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി ബോധവൽക്കരണ സെഷനുകൾ, ചർച്ചകൾ, ശിൽപശാലകൾ, സെമിനാറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഓൺ-കാമ്പസ് കൗൺസിലർമാർക്ക് പുറമെ,വിദ്യാർഥികൾക്ക് ബാഹ്യ കൺസൾട്ടുമാരുടെ ഒരു പാനലും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ അവകാശപ്പെടുന്നു. പക്ഷേ വെൽനസ് സെന്‍ററിൽ രണ്ട് കൺസൾട്ടിംഗ് തെറാപ്പിസ്റ്റുകൾ മാത്രമേ ഉള്ളൂവെന്നും അവരെ വാരാന്ത്യങ്ങളിൽ മാത്രമേ ലഭ്യമാകൂവെന്നുമാണ് വിദ്യാർഥികൾ പ്രതികരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.