ഫീസടക്കാൻ പണമില്ലാത്തതിനാൽ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി; പരാജയപ്പെട്ടപ്പോൾ ആത്മഹത്യയെ കുറിച്ചു മാത്രം ചിന്തിച്ചു
text_fieldsബോംബെ ഐ.ഐ.ടിയിൽ പഠിച്ച ദീപക് ഭാഘേൽ ഇപ്പോൾ അറിയപ്പെടുന്ന മോട്ടിവേഷനൽ സ്പീക്കറാണ്. അടുത്തിലെ അദ്ദേഹം ലിങ്ക്ഡ് ഇനിൽ പങ്കുവെച്ച കുറിപ്പ് വൈറലാണിപ്പോൾ. തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിയേറിയ ഘട്ടത്തെ കുറിച്ചാണ് അദ്ദേഹം വിവരിച്ചത്. ആത്മഹത്യക്കു പോലും ശ്രമിച്ച ആ കാലഘട്ടം ബോംബെ ഐ.ഐ.ടിയിൽ പഠിക്കുമ്പോഴായിരുന്നു. അതിനെ തരണം ചെയ്തതിനെ കുറിച്ചും ദീപക് പറയുന്നുണ്ട്. കോളജ് കാലത്ത് അദ്ദേഹം നേരിട്ടത് മൂന്ന് പ്രധാന പ്രശ്നങ്ങളായിരുന്നു. പണമില്ലാത്തതും ഇംഗ്ലീഷിൽ പ്രാവീണ്യം കുറഞ്ഞതുമായിരുന്നു അതിൽ പ്രധാനം.
ഒരു ഐ.ഐ.ടിക്കാരൻ എന്ന നിലക്ക് ഇന്ന് താൻ നല്ലൊരു എൻട്രപ്രണറും മോട്ടിവേഷനൽ സ്പീക്കറുമാണെന്ന് എഴുതിയ ദീപക്, ഒരു പാട് വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടം തനിക്കുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് എഴുത്ത് തുടങ്ങുന്നത്. മാനസികമായി തകർന്ന കാലം...ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു നടന്ന നാളുകൾ. ആത്മഹത്യ ചിന്തകളും മാനസികാരോഗ്യ പ്രശ്നങ്ങളും അടക്കി ഭരിച്ച സമയങ്ങൾ...ദീപക് എഴുതുന്നു.
പൈസ കൊടുക്കാനില്ലാത്തതിനാൽ ദീപക്കിനെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. അതോടെ തന്റെ സഹപാഠികൾക്കിടയിൽ ദീപക്കിന് വലിയ നാണക്കേട് തോന്നി. അന്ന് ദീപക്കിന്റെ ബാങ്ക് അക്കൗണ്ടിൽ ഒരു രൂപ പോലുമുണ്ടായിരുന്നില്ല. 2015-16 ആയിരുന്നു വർഷം. ഫിനാൻഷ്യൽ ഇയർ ആയതിനാൽ അമ്മക്ക് ശമ്പളവും വൈകി. മെഡിസിന് പഠിക്കുകയായിരുന്ന സഹോദരിക്കും അത്തവണ ഫീസ് നൽകാൻ സാധിച്ചില്ല.-ദീപക് ഓർക്കുന്നു.
ആദ്യവർഷത്തെ പരീക്ഷയിൽ പരാജയപ്പെട്ടതും വലിയ തിരിച്ചടിയായി. അന്ന് മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് പ്രഫസർ നല്ല വഴക്കു പറഞ്ഞു. കണ്ണീരണിഞ്ഞ മുഖവുമായി ദീപക് ക്ലാസ്മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. ഒരു സർക്കാർ സ്കൂളിൽ നിന്ന് വന്നിട്ടും എന്തുകൊണ്ടാണ് അടിസ്ഥാന കോഴ്ച് പോലും പാസാകാൻ കഴിയാത്തതെന്ന് 200 ലേറെ വിദ്യാർഥികളുടെ മുന്നിൽ വെച്ച് പ്രഫസർ ചോദിച്ചു. മധ്യപ്രദേശിലെ ഹിന്ദി മീഡിയം സ്കൂളിൽ പഠിച്ച ദീപക് ആദ്യവർഷം ഇംഗ്ലീഷിലെ ചോദ്യങ്ങൾ മനസിലാക്കിയെടുക്കാൻ നന്നായി ബുദ്ധിമുട്ടി. പ്രഫസറുടെ വാക്കുകൾ ദീപക്കിനെ വേട്ടയാടി.
മറ്റ് പ്രഫസർമാരും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന ചോദ്യം ചോദിച്ചു ദീപക്കിനെ വിഷമിപ്പിച്ചു.മരിച്ചാൽ മതിയെന്ന ചിന്ത മനസിലേക്ക് വന്നത് അക്കാലത്താണ്. അങ്ങനെയാണ് കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്ന് ദീപക് താഴേക്ക് ചാടി മരിക്കാൻ തീരുമാനിച്ചത്. ചാടുന്നതിന് തൊട്ടുമുമ്പ് ജീവിക്കാനുള്ള പോരാട്ടത്തിനൊടുവിൽ ദാരുണമായി കൊല്ലപ്പെട്ട പിതാവിന്റെ മുഖം ഓർമ വന്നു. രണ്ട്-അഞ്ച് സെക്കൻഡുകൾക്കകം എല്ലാ പ്രശ്നങ്ങളും മനസിൽ നിന്ന് പോയി. പിതാവിന്റെ ഫോട്ടോയിലേക്ക് നോക്കിയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ ഒന്നൊന്നായി മനസിലേക്ക് വന്നു. 2004ൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. ധൈര്യം കൈവിടാതെ മുന്നോട്ടു പോകൂ എന്നാണ് പോസ്റ്റിന് ആളുകൾ കമന്റ് ചെയ്തത്. നിരവധിയാളുകൾക്ക് പ്രചോദനം നൽകുന്ന പോസ്റ്റാണിതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.