രാമായണത്തെ അവഹേളിച്ചെന്ന്; സ്കിറ്റ് അവതരിപ്പിച്ച വിദ്യാർഥികൾക്ക് 1.2 ലക്ഷം രൂപ പിഴയിട്ട് ബോംബെ ഐ.ഐ.ടി
text_fieldsമുംബൈ: രാമായണത്തെ അവഹേളിക്കുന്ന സ്കിറ്റ് അവതരിപ്പിച്ചുവെന്ന ആരോപണത്തിൽ വിദ്യാർഥികൾക്കെതിരെ നടപടിയുമായി ബോംബെ ഐ.ഐ.ടി. വിദ്യാർഥികളിൽ ഓരോരുത്തർക്കും 1.2 ലക്ഷം രൂപ വരെയാണ് പിഴ ചുമത്തിയത്. റാഹോവൻ എന്ന പേരിലാണ് വിദ്യാർഥികൾ സ്കിറ്റ് അവതരിപ്പിച്ചത്. ഐ.ഐ.ടിയുടെ ആർട്സ് ഫെസ്റ്റിനിടെയായിരുന്നു സ്കിറ്റ് അവതരിപ്പിച്ചത്. സ്കിറ്റിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇത് രാമായണത്തെയും ഹിന്ദു മതത്തേയും അവഹേളിക്കുന്നതാണെന്ന് ചിലർ ആരോപണം ഉയർത്തുകയായിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് നടപടിയുണ്ടാവുകയായിരുന്നു.
നാടകം അവതരിപ്പിച്ച വിദ്യാർഥികളുടെ ജൂനിയേഴ്സിന് ഓരോരുത്തർക്കും 40,000 രൂപ വീതവും ഐ.ഐ.ടി പിഴയിട്ടിട്ടുണ്ട്. വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കുകയും ചെയ്തു. മാർച്ച് 31നാണ് വിദ്യാർഥികൾ സ്കിറ്റ് അവതരിപ്പിച്ചത്. ഐ.ഐ.ടിയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിവിധ വർഷങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളായിരുന്നു സ്കിറ്റിന് പിന്നിൽ. ഇതിന്റെ നിരവധി വിഡിയോകളാണ് പുറത്ത് വന്നത്.
സ്കിറ്റിൽ സീതയും രാമനും തമ്മിലുള്ള സംഭാഷണം ഹിന്ദുമതത്തെ അവഹേളിക്കുന്നതാണെന്ന ആരോപണമാണ് ഉയർന്നത്. തുടർന്ന് ഐ.ഐ.ടി ഇത് പരിശോധിക്കാൻ അച്ചടക്ക കമിറ്റിയെ നിയോഗിച്ചു. കമിറ്റിയുടെ നിർദേശപ്രകാരമാണ് വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.
അതേസമയം, ആദിവാസി സമൂഹത്തെ സംബന്ധിക്കുന്ന ഫെമിനിസ്റ്റ് ആവിഷ്‍കാരമാണ് നാടകമെന്നും ഇതിൽ ഹിന്ദുമതത്തെ അവഹേളിക്കുന്ന ഒന്നുമില്ലെന്നും വ്യക്തമാക്കി വിദ്യാർഥികളെ പിന്തുണക്കുന്ന ഒരു വിഭാഗവും രംഗത്തെത്തി. വിവാദങ്ങളിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ബോംബെ ഐ.ഐ.ടി തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.