മദ്രാസ് ഐ.ഐ.ടിയിൽ ബിരുദദാനത്തിന് പരമ്പരാഗത വസ്ത്രം; ഗൗണും തൊപ്പിയുമില്ല
text_fieldsചെന്നൈ: ബിരുദദാന ചടങ്ങിൽ പരമ്പരാഗതമായി തുടർന്നു വരുന്ന പാശ്ചാത്യ വസ്ത്രധാരണ രീതിയിൽ മാറ്റം വരുത്തി മദ്രാസ് ഐ.ഐ.ടി. 56ാമത് ബിരുദദാന ചടങ്ങിൽ സാധാരണയായി ലോകത്താകമാനം ഉപയോഗിച്ചു വരുന്ന ഗൗണും തൊപ്പിയുമണിഞ്ഞുള്ള വസ്ത്രധാരണത്തിന് പകരം പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ചാണ് വിദ്യാർഥികൾ പങ്കെടുത്തത്.
ചില ആൺകുട്ടികൾ വെളുത്ത നിറത്തിലുള്ള ഷർട്ട് ധരിച്ചപ്പോൾ ചിലർ കുർത്ത ധരിച്ചാണ് എത്തിയത്. ഇതോടൊപ്പം ഇഷ്ടത്തിനനുസരിച്ച് സമാന നിറത്തിലുള്ള ദോത്തി, പൈജാമ, പാൻറ്സ് എന്നിവ വിദ്യാർഥികൾ ധരിച്ചു. ബിരുദ, ബിരുദാനന്തര ബിരുദ, വിദ്യാർഥികളോടും ഗവേഷകരോടും നേരത്തേ തന്നെ ഇതു സംബന്ധിച്ച് അധികൃതർ നിർദേശം നൽകിയിരുന്നു. പെൺകുട്ടികളിൽ ചിലർ വെളുത്ത സൽവാർ കമ്മീസും ചിലർ സാരിയുമാണ് ധരിച്ചത്.
ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും സെനറ്റ് അംഗങ്ങളും വിശിഷ്ടാതിഥികളും ഉൾപ്പടെയുള്ളവരും പരമ്പരാഗത വെളുത്ത വസ്ത്രം ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം റൂർക്കീ, ബോംബെ, കാൺപൂർ ഐ.ഐ.ടികളിലും ബിരുദദാന ചടങ്ങിൽ പാശ്ചാത്യ വസ്ത്രധാരണം ഒഴിവാക്കി ഇന്ത്യൻ പരമ്പരാഗത വസ്ത്രം ധരിക്കാൻ നിർദേശം നൽകിയിരുന്നു.
ആൺകുട്ടികളും പെൺകുട്ടികളും പരമ്പരാഗത ഷാൾ ധരിച്ചിരുന്നു. ഈ ഷാൾ 350 രൂപക്ക് സ്ഥാപനം നൽകിയെന്ന് വിദ്യാർഥികൾ പറഞ്ഞു. വസ്ത്രധാരണത്തിലെ മാറ്റത്തിൽ ചില വിദ്യാർഥികൾ സന്തുഷ്ടരാണ്. എന്നാൽ ഗൗണും തൊപ്പിയുമണിഞ്ഞ് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മറ്റു ചിലർ നിരാശരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.