മദ്രാസ് ഐ.ഐ.ടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു; മറ്റൊരു വിദ്യാർഥി അവശനിലയിൽ ആശുപത്രിയിൽ
text_fieldsചെന്നൈ: ബോംബെ ഐ.ഐ.ടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ മദ്രാസ് ഐ.ഐ.ടിയിലും ബിരുദാനന്തര വിദ്യാർഥി ആത്മഹത്യ ചെയ്തു. ആത്മഹത്യാശ്രമം നടത്തി അവശനിലയിലായ മറ്റൊരു വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മദ്രാസ് ഐ.ഐ.ടിയിലെ എഞ്ചിനീയറിങ് ബിരുദാനന്തര വിദ്യാർത്ഥിയായ മഹാരാഷ്ട്ര സ്വദേശിയായ 22 കാരനെയാണ് ഇന്ന് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയായിരുന്നു. സഹപാഠിയെ കാണാതായ വിവരം മറ്റൊരു വിദ്യാർഥിയാണ് ഹോസ്റ്റൽ വാർഡനെ വിവരമറിയിച്ചത്. തുടർന്ന് ഹോസ്റ്റർ മുറിയുടെ വാതിൽ തുറന്ന് നോക്കിയപ്പോൾ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോട്ടൂർപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബപ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.
അതിനിടെ കർണാടക സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയും കാമ്പസിൽ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മറ്റുവിദ്യാർഥികൾ ഇടപെട്ട് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ അപകടനില തരണം ചെയ്തു.
ഞായറാഴ്ച ഉച്ചക്ക് ബോംബെ ഐ.ഐ.ടിയിൽ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഏഴാം നിലയിൽനിന്ന് ചാടി ദലിത് വിദ്യാർഥി ജീവനൊടുക്കിയിരുന്നു. ഒന്നാം വർഷ ബി.ടെക് വിദ്യാർഥി ദർശൻ സൊളങ്കിയാണ് മരിച്ചത്. ദർശൻ ജാതിവിവേചനം നേരിട്ടിരുന്നതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ആരോപിച്ച് വിദ്യാർഥി സംഘടനകൾ പ്രക്ഷോഭത്തിലവണ്.
മൂന്ന്മാസം മുമ്പാണ് അഹമ്മദാബാദ് സ്വദേശിയായ ദർശൻ ഐ.ഐ.ടിയിൽ ചേർന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആത്മഹത്യാക്കുറിപ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കാമ്പസിൽ ദലിത് വിദ്യാർഥികൾ കടുത്ത ജാതിവിവേചനം നേരിടുന്നതായി വിദ്യാർഥി സംഘടനകൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.