ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ അർധ മണ്ഡപത്തിൽ ഇളയരാജയെ തടഞ്ഞു
text_fieldsചെന്നൈ: സംഗീത സംവിധായകൻ ഇളയരാജയെ ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ അർധ മണ്ഡപത്തിൽ പൂജാരിമാരും ക്ഷേത്രം അധികൃതരും തടഞ്ഞു. പ്രാർഥനക്കായി ശ്രീകോവിലിന് തൊട്ടുമുന്നിലുള്ള അർധ മണ്ഡപത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ആചാരലംഘനത്തിന്റെ പേരിൽ തടഞ്ഞത്. ഇതേതുടർന്ന് അർധ മണ്ഡപത്തിന് പുറത്തുനിന്ന് പ്രാർഥിച്ച് മടങ്ങി.
ഞായറാഴ്ച വൈകീട്ട് ക്ഷേത്ര കവാടത്തിലെത്തിയ ഇളയരാജയെ ദേവസ്വം അധികൃതരും പൂജാരിമാരും ഹാരാർപ്പണം നടത്തി ക്ഷേത്ര ആനയുടെ അകമ്പടിയോടെ സ്വീകരണം നൽകിയിരുന്നു. തുടർന്നാണ് അർധ മണ്ഡപത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. വിഗ്രഹങ്ങളുള്ള അർധ മണ്ഡപത്തിൽ ഗുരുക്കൾ, മഠാധിപതിമാർ, ക്ഷേത്ര ട്രസ്റ്റിമാർ എന്നിവർക്ക് മാത്രമേ പ്രവേശിക്കാൻ അവകാശമുള്ളൂവെന്നാണ് പൂജാരിമാരുടെ വിശദീകരണം.
സംഭവത്തെതുടർന്ന് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പ് മധുര മേഖല ജോ. കമീഷണർ വിരുദുനഗർ ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ തൊഴാനെത്തിയ തിരുവണ്ണാമലൈ ജില്ല കലക്ടര്‍ക്കും പ്രവേശനം നിഷേധിച്ചിരുന്നു.
അതേസമയം, ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ അർധ മണ്ഡപത്തിൽ തന്നെ തടഞ്ഞെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഇളയരാജ ‘എക്സി’ൽ അറിയിച്ചു. തന്നെ കേന്ദ്രീകരിച്ച് ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. ആത്മാഭിമാനം കൈവിടാറില്ല. ആരാധകരും ജനങ്ങളും ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും ഇളയരാജ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.