അംബേദ്കറെയും മോദിയെയും താരതമ്യം ചെയ്ത ഇളയരാജയുടെ പരാമർശം വിവാദമാവുന്നു
text_fieldsചെന്നൈ: ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത സംഗീത സംവിധായകൻ ഇളയരാജയുടെ കുറിപ്പ് വിവാദമാവുന്നു. 'അംബേദ്കർ ആൻഡ് മോദി, റിഫോർമേഴ്‌സ് ഐഡിയാസ്, പെർഫോമേഴ്‌സ് ഇംപ്ലിമെന്‍റേഷൻ' എന്ന പുസ്തകത്തിന്‍റെ മുഖവുരയിലാണ് ഇളയരാജയുടെ വിവാദ പരാമർശം.
ദാരിദ്ര്യം അനുഭവിക്കുമ്പോഴും അധ:സ്ഥിത വിഭാഗത്തിൽനിന്ന് പ്രതിസന്ധികൾ അതിജീവിച്ച് വിജയിച്ചവരാണ് ഇരുവരുമെന്ന് ഇളയരാജ കുറിപ്പിൽ പറയുന്നു. രാജ്യത്തിനുവേണ്ടി വലിയ സ്വപ്നങ്ങൾക്കണ്ട ഇരുവരും അടിച്ചമർത്തുന്ന സാമൂഹിക വ്യവസ്ഥിതിക്കെതിരെ പോരാടി. ചിന്തകളിൽ മാത്രം വിഹരിക്കാതെ പ്രായോഗികതയിലും പ്രവൃത്തിയിലും ഇവർ വിശ്വസിച്ചു. സാമൂഹിക മാറ്റത്തിനും സ്ത്രീ ഉന്നമനത്തിനുമായി മോദി കൊണ്ടുവന്ന മുത്തലാഖ് നിരോധനം, ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയവയെക്കുറിച്ച് അംബേദ്കർ അഭിമാനിക്കുന്നുണ്ടാവാമെന്നും ഇളയരാജ അഭിപ്രായപ്പെട്ടിരുന്നു.
ഇളയരാജയുടെ കുറിപ്പ് വൻ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമാണ് വഴിതുറന്നത്. വർണ വിവേചനവും മനു ധർമവും അടിച്ചമർത്തി ദലിത് ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് അംബേദ്കറെന്നും എന്നാൽ മോദി മനു ധർമത്തിൽനിന്നാണ് വന്നതെന്നും ഡി.എം.കെ സംഘടന സെക്രട്ടറിയും രാജ്യസഭാംഗവുമായ ടി.കെ.എസ്. ഇളങ്കോവൻ പ്രസ്താവിച്ചു. ഇടതുകക്ഷികളും വിവിധ തമിഴ് - ദലിത് -സാമൂഹിക സംഘടനകളും പ്രതിഷേധിച്ചു.
ഇതിനുപിന്നാലെ ബി.ജെ.പിയും സംഘ്പരിവാർ കക്ഷികളും ഇളയരാജയെ പിന്തുണച്ച് രംഗത്തെത്തി. ഇളയരാജയെ അപമാനിക്കാനാണ് ഡി.എം.കെയും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രസ്താവിച്ചു. അതിനിടെ 'ഇരുണ്ട ദ്രാവിഡൻ, അഭിമാനിയായ തമിഴൻ' എന്ന കുറിപ്പോടെ കറുത്ത മുണ്ടും ടീ ഷർട്ടും ധരിച്ച് ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവാൻ ശങ്കർരാജ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ട്വീറ്റ് പിതാവിനുള്ള മറുപടിയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.