ചോദ്യങ്ങൾ തുടരും; ഭയപ്പെടുത്താനാകില്ല
text_fieldsന്യൂഡൽഹി: രാജ്യത്തിന്റെ ജനാധിപത്യത്തിനായാണ് താന്‍ പോരാടുന്നതെന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി. ആജീവനാന്തം അയോഗ്യനാക്കിയാലും ജീവപര്യന്തം ജയിലിലടച്ചാലും പോരാട്ടം തുടരുകതന്നെ ചെയ്യും. ലോക്സഭ അംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ശനിയാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് രാഹുലിന്റെ പ്രതികരണം.
ലണ്ടന്‍ പ്രസംഗത്തിലും മാനനഷ്ടക്കേസിലും മാപ്പുപറയുമോ എന്നചോദ്യത്തിന് അതിന് തന്റെ പേര് സവർക്കർ എന്നല്ല ഗാന്ധി എന്നാണെന്നും ഗാന്ധി ആരോടും മാപ്പ് പറഞ്ഞിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ മറുപടി. വാർത്തസമ്മേളനത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ആഞ്ഞടിച്ചു. നരേന്ദ്ര മോദിതന്നെയാണ് അദാനി. മോദി അദാനിയെ സംരക്ഷിക്കുന്നത് അതിനാലാണ്. പാർലമെന്റിൽ താന്‍ അടുത്തതായി എന്താണ് പറയാന്‍പോകുന്നതെന്ന് ഓര്‍ത്ത് മോദിക്ക് പേടിയാണ്. അയോഗ്യനാക്കിയതിന്റെ കാരണവുമതാണ്. മോദിയുടെ കണ്ണുകളിലെ ഭയം നേരിട്ടുകണ്ടതാണ്. അതുകൊണ്ടുതന്നെയാണ് പാര്‍ലമെന്റിനുള്ളില്‍ തന്നെ സംസാരിക്കാന്‍ അവര്‍ അനുവദിക്കാത്തതെന്നും രാഹുല്‍ പറഞ്ഞു.
‘ഞാനൊരറ്റ ചോദ്യമേ ചോദിച്ചുള്ളൂ. അദാനിക്ക് ധാരാളം വ്യാജ കമ്പനികളുണ്ട്. 20,000 കോടിയോളം രൂപയാണ് ഈ കമ്പനികളില്‍ നിക്ഷേപിച്ചിരിക്കുന്നത്. അത് അദാനിയുടെ പണവുമല്ല. അപ്പോള്‍ പിന്നെ ആ പണം മുഴുവന്‍ ആരുടേതാണ്? അദാനിയും മോദിയുമായുള്ള അടുത്ത ബന്ധത്തിന്റെ തെളിവ് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചിരുന്നു. അദാനിക്ക് വിമാനത്താവളങ്ങള്‍ പതിച്ചുനല്കുന്നതിനുവേണ്ടി നിയമങ്ങള്‍ എങ്ങനെയൊക്കെ ഭേദഗതിചെയ്തു എന്നു വിശദീകരിച്ച് ലോക്സഭ സ്പീക്കര്‍ക്ക് കത്ത് നല്കി. ഒരു പ്രതികരണവുമുണ്ടായില്ല. പകരം എന്റെ പ്രസംഗം ലോക്സഭയുടെ രേഖകളില്‍നിന്ന് നീക്കംചെയ്യുകയാണുണ്ടായത്.
ബി.ജെ.പി മന്ത്രിമാര്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിപറയാന്‍ അവസരം തരണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. ഇക്കാര്യം സ്പീക്കറെ കണ്ട് നേരിട്ട് ചോദിച്ചപ്പോള്‍ നിങ്ങളെ സംസാരിക്കാന്‍ അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി’ എന്നും രാഹുല്‍ വ്യക്തമാക്കി.
‘അയോഗ്യതയടക്കം ബി.ജെ.പി മന്ത്രിമാരും മറ്റും ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അദാനി വിഷയത്തില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണ്. അവരെ സംബന്ധിച്ച് രാജ്യം എന്നുവെച്ചാല്‍ അദാനിയും അദാനി എന്നാല്‍ രാജ്യവുമാണ്. ഞാന്‍ എല്ലാക്കാലത്തും സാഹോദര്യത്തെക്കുറിച്ച് സംസാരിക്കുന്ന വ്യക്തിയാണ്. ഞാന്‍ പറഞ്ഞത് ഒ.ബി.സി വിഭാഗത്തെക്കുറിച്ചല്ല. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് മുമ്പ് പലതവണ പറഞ്ഞു. ഇതിന് ഓരോ ദിവസവും ഉദാഹരണങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു.
രാജ്യത്തെ സംവിധാനങ്ങളും മാധ്യമങ്ങളും പ്രതിപക്ഷത്തിനൊപ്പമില്ല. ഇത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഇന്ത്യക്കാരുടെ ജനാധിപത്യത്തിന്റെ ശബ്ദത്തിനുവേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. യാതൊരു ഭീഷണിയും പ്രശ്നമല്ല. ‘അവർക്ക്’ ഇതുവരെ എന്നെ മനസിലായിട്ടില്ല. എനിക്കവരെ ഭയമില്ല. പോരാട്ടം തുടരും’. - രാഹുൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.