മണിപ്പൂരിൽ അനധികൃത ബങ്കറുകൾ തകർത്തു
text_fieldsഇംഫാൽ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിൽ പൊലീസ് വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഏഴ് അനധികൃത ബങ്കറുകൾ തകർത്തു.
അതിനിടെ, ജനങ്ങൾക്ക് അവശ്യവസ്തുക്കൾ വാങ്ങുന്നതിന് വെള്ളിയാഴ്ച പുലർച്ച അഞ്ച് മുതൽ ഏഴ് മണിക്കൂർ നേരത്തേക്ക് ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിൽ കർഫ്യൂവിൽ ഇളവ് വരുത്തി. വിവിധ ജില്ലകളിൽ വീണ്ടും സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച ഇംഫാലിലെ ഇരട്ട ജില്ലകളിൽ സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്തിന്റെ സംഘർഷ ബാധിത മേഖലകളിലാണ് പൊലീസ് വെള്ളിയാഴ്ച വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയത്. കൗത്രുക് മലനിരകളിൽ നടത്തിയ തിരച്ചിലിൽ ഏഴ് ബങ്കറുകൾ നശിപ്പിച്ചു. ബിഷ്ണുപുർ ജില്ലയിലെ തേരഖോങ്സാങ്ബിയിൽ അജ്ഞാതരായ തോക്കുധാരികളും സുരക്ഷസേനയും തമ്മിലുണ്ടായ വെടിവെപ്പിൽ 35കാരിക്ക് പരിക്കേറ്റു. അരിബം വാഹിദ ബീബി എന്ന സ്ത്രീക്കാണ് കൈയിൽ ബുള്ളറ്റ് തറച്ച് പരിക്കേറ്റത്. ഇവർ ഇംഫാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെ ബിഷ്ണുപുർ ജില്ലയിലെ നരൻസീനയിൽ ഇന്ത്യ റിസർവ് ബറ്റാലിയന്റെ ആസ്ഥാനത്ത് അതിക്രമിച്ചുകയറിയ ജനക്കൂട്ടം ആയുധങ്ങൾ കൊള്ളയടിച്ചിരുന്നു. 19,000 ബുള്ളറ്റുകൾ, എ.കെ വിഭാഗത്തിലുള്ള റൈഫിൾ, മൂന്ന് ഘാടക് റൈഫിളുകൾ, 195 സെൽഫ് ലോഡിങ് റൈഫിളുകൾ, അഞ്ച് എം.പി-5 തോക്കുകൾ, 16 ഒമ്പത് എം.എം പിസ്റ്റളുകൾ, 25 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, 124 ഗ്രനേഡുകൾ തുടങ്ങിയവയാണ് കൊള്ളയടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.