അനധികൃത നിർമാണം; നോയിഡയിലെ 40 നില ഇരട്ട കെട്ടിട സമുച്ചയം ഇന്ന് പൊളിക്കും
text_fieldsന്യൂഡൽഹി: നോയിഡയിലെ 900-ലധികം ഫ്ലാറ്റുകളുള്ള 40 നില ഇരട്ട കെട്ടിട സമുച്ചയം സുപ്രീംകോടതി വിധിയെ തുടർന്ന് ഞായറാഴ്ച നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കും. 3,700 കിലോ സ്ഫോടക വസ്തുക്കളുപയോഗിച്ചാണ് 100 മീറ്ററോളം ഉയരമുള്ള ഫ്ലാറ്റ് തകർക്കുന്നത്. ഉച്ചക്ക് 2.30ന് സ്ഫോടനം നടന്ന് ഒമ്പത് സെക്കന്‍ഡുകൾക്കുള്ളിൽ തകർന്നു വീഴും. ഇന്ത്യയില്‍ ഇതുവരെ പൊളിച്ച് നീക്കുന്നതിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്.
2010ലെ ഉത്തർപ്രദേശ് അപ്പാർട്മെന്‍റ് നിയമം ലംഘിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് പൊളിക്കാൻ കഴിഞ്ഞ വർഷം സുപ്രീംകോടതി ഉത്തരവിട്ടത്. നിക്ഷേപകര്‍ക്കും ഫ്ലാറ്റ് വാങ്ങിയവര്‍ക്കും 2022 ജനുവരി 17-നകം 12 ശതമാനം പലിശ സഹിതം പണം തിരികെ നല്‍കാന്‍ ഉടമകളായ സൂപ്പര്‍ടെക് കമ്പനിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. പൊളിച്ചു നീക്കലിന്‍റെ ചെലവും സൂപ്പർടെക്ക് വഹിക്കണം.
ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേക്ക് സമീപം നോയിഡയിലെ സെക്ടര്‍ 93ൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിട സമുച്ചയത്തിന് 7.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുണ്ട്. മുംബൈ ആസ്ഥാനമായുള്ള എഡിഫൈസ് എൻജിനീയറിങ്ങും ദക്ഷിണാഫ്രിക്കന്‍ പങ്കാളിയായ ജെറ്റ് ഡെമോളിഷന്‍സും ചേർന്ന് 'ഇംപ്ലോഷന്‍' സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്.
ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പ് സമീപത്തുള്ള 5,000-ത്തിലധികം താമസക്കാരെ ഒഴിപ്പിക്കും. നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയില്‍ അരമണിക്കൂർ വാഹന ഗതാഗതവും പ്രദേശത്ത് ഡ്രോൺ കാമറ ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.