തമിഴ്നാട്ടിൽ അനധികൃത ഖനനം: സീറോ മലങ്കര ബിഷപ്പടക്കം ആറുപേർ അറസ്റ്റിൽ
text_fieldsതിരുനൽവേലി: അനധികൃത ഖനനം നടത്തിയെന്ന കേസിൽ പത്തനംതിട്ട സീറോ മലങ്കര രൂപതാധ്യക്ഷൻ ബിഷപ് സാമുവൽ മാർ ഐറേനിയോസിനെയടക്കം അംബാസമുദ്രത്തിൽ വെച്ച് തമിഴ്‌നാട് ക്രൈംബ്രാഞ്ച് സി.ഐ.ഡി അറസ്റ്റ് ചെയ്തു. പൊട്ടാലിനു സമീപം താമിരഭരണി നദിയിൽ നിന്ന് അനധികൃത മണലെടുപ്പ് നടത്തിയെന്ന കേസിൽ വികാരി ജനറൽ ഷാജി തോമസ് മാണിക്കുളവും ജോർജ് സാമുവൽ, ജിജോ ജെയിംസ്, ജോസ് കാളിവയൽ തുടങ്ങിയവരും അറസ്റ്റിലായിട്ടുണ്ട്.
അറസ്റ്റിലായ എല്ലാവരെയും തിരുനെൽവേലി ജില്ലാ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെതു. അതേസമയം, അറസ്റ്റിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബിഷപ്പ് ഐറേനിയോസ് (69), ഫാ ജോസ് ചാമക്കാല (69) എന്നിവരെ തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ നാങ്ങുനേരി ജയിലിലാണ്.
കോട്ടയം സ്വദേശി മാനുവൽ ജോർജിനെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരായി നിയമ നടപടികൾ ആരഭിച്ചതായി സഭാ നേതൃത്വം അറിയിച്ചിരുന്നു.
തിരുനെൽവേലിയിലെ സൗത്ത് കള്ളിടൈക്കുറിച്ചി വില്ലേജിലെ പൊട്ടാലിൽ ചെക്ക് ഡാമിനോട് ചേർന്ന 300 ഏക്കർ സ്ഥലത്താണ് കല്ല്, കരിങ്കൽ, ക്രഷർ പൊടി, എം-സാൻഡ് എന്നിവ സംഭരിക്കാനും സംസ്‌കരിക്കാനും ഉപയോഗിക്കാനും മാനുവൽ ജോർജ് ലൈസൻസ് എടുത്തത്. 2019 നവംബർ 29 മുതൽ അഞ്ച് വർഷത്തേക്കായിരുന്നു ലൈസൻസ്. ബിഷപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് പത്തനംതിട്ട രൂപത മാനുവലിന് പാട്ടത്തിന് നൽകിയത്. ജോർജിന്റെ നേതൃത്വത്തിൽ വണ്ടൽ ഓടയിൽ ചെക്ക് ഡാമിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും വൻതോതിൽ അനധികൃത മണൽ ഖനനം നടത്തിയെന്നാണ് കേസ്.
2020 സെപ്റ്റംബറിൽ അന്നത്തെ ചേരൻമഹാദേവി സബ് കളക്ടർ സ്ഥലം പരിശോധിക്കുകയും 27,774 ക്യുബിക് മീറ്റർ മണൽ അനധികൃതമായി ഖനനം ചെയ്യുകയും വാണിജ്യ ആവശ്യങ്ങൾക്കായി കടത്തുകയും ചെയ്തതായി വിലയിരുത്തിയിരുന്നു. തുടർന്ന് 1959ലെ തമിഴ്‌നാട് മൈൻസ് ആൻഡ് മിനറൽ കൺസഷൻ റൂൾസ് പ്രകാരം ഭൂവുടമകൾക്ക് 9.57 കോടി രൂപ പിഴ ചുമത്തി. മണൽ മോഷണം നടത്താൻ സഹായിച്ച വീരനല്ലൂർ എസ്.ഐയെയും സബ്കലക്ടർ സസ്‌പെൻഡ് ചെയ്തു.
അനധികൃത മണൽ ഖനനത്തിനെതിരെ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചിരുന്നു. കഴിഞ്ഞവർഷം കേസ് കൂടുതൽ അന്വേഷണത്തിനായി കല്ലിടൈക്കുറിച്ചി പൊലീസ് സ്റ്റേഷനിൽ നിന്ന് സി.ബി.സി.ഐ.ഡിക്ക് മാറ്റാൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഭൂമിയുടെ ഉടമസ്ഥരുടെ ഒത്താശയോടെയാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതെന്ന് സംശയിക്കുന്നതിനെ തുടർന്നാണ് ബിഷപ്പിനെയും അഞ്ച് വൈദികരെയും സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തത്.
300 ഏക്കർ വരുന്ന കൃഷി സ്ഥലത്ത് നേരത്തെ തെങ്ങും നെല്ലിക്കയും കൃഷി ചെയ്തിരുന്നു. പിന്നീട് ഇത് കോട്ടയം സ്വദേശിക്ക് കൃഷിക്കായി പാട്ടത്തിന് നൽകി. എന്നാൽ, തങ്ങളറിയാതെ ഇയാൾ ക്രമക്കേട് നടത്തുകയും പട്ടയമില്ലാത്ത തൊട്ടടുത്ത പറമ്പിൽ മണലെടുപ്പ് നടത്തുകയും ചെയ്തതായി വൈദികർ പറയുന്നു. ജാമ്യാപേക്ഷ സമർപ്പിക്കാനുള്ള നടപടി പൂർത്തിയായി വരികയാണെന്നും ഇവർ അറിയിച്ചു.
പത്തനംതിട്ട രൂപതയുടെ വിശദീകരണം:
തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതക്ക് 300 ഏക്കർ സ്ഥലമുണ്ട്. 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യാൻ മാനുവൽ ജോർജ് എന്ന വ്യക്തിയെ കരാർപ്രകാരം ചുമതലപ്പെടുത്തിയിരുന്നു.
കോവിഡ് കാലമായിരുന്നതിനാൽ കഴിഞ്ഞ രണ്ടു വർഷമായി രൂപതാ അധികൃതർക്ക് ഈ സ്ഥലത്ത് നേരിട്ട് പോകുവാൻ കഴിഞ്ഞിരുന്നില്ല. ഈ കാലയളവിൽ മാനുവൽ ജോർജ് കരാർ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറിൽനിന്ന് ഒഴിവാക്കാൻ നിയമനടപടി ആരംഭിക്കുകയും ചെയ്തു.
വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ ഇത് സംബന്ധിച്ച് അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാനുവൽ ജോർജിനെതിരെ രൂപത നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഫാ. ജോയൽ പി. ജോൺ പൗവ്വത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.