റോഹിങ്ക്യൻ അഭയാർഥികൾ രാജ്യസുരക്ഷക്ക് ഭീഷണി; ലോക്സഭയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: അനധികൃതമായി രാജ്യത്തേക്ക് കുടിയേറിയ റോഹിങ്ക്യൻ അഭയാർഥികൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ. ബി.എസ്.പി അംഗം റിഥേഷ് പാണ്ഡേയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് ആണ് വിവരം സഭയെ അറിയിച്ചത്.
''റോഹിങ്ക്യക്കാർ അടക്കമുള്ള അനധികൃത കുടിയേറ്റക്കാർ രാജ്യ സുരക്ഷക്ക് ഭീഷണിയാണ്. ഏതാനും റോഹിങ്ക്യൻ കുടിയേറ്റക്കാർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അഭയാർഥികളെക്കുറിച്ചുള്ള 1951ലെ യു.എൻ ആക്ടിൽ ഇന്ത്യ ഒപ്പുവെച്ചിട്ടില്ല'' -റായ് പറഞ്ഞു.
ഇന്ത്യയിലേക്ക് മതിയായ യാത്ര രേഖകൾ ഇല്ലാതെ വരുന്നവരും യാത്ര രേഖകളുടെ കാലാവധി തീർന്നിട്ടും രാജ്യത്ത് തങ്ങുന്നവരും അനധികൃത കുടിയേറ്റക്കാരാണ്. ഇവരെ നിയപരമായിത്തന്നെ നേരിടും '-മന്ത്രി പറഞ്ഞു.
േനരത്തേ റോഹിങ്ക്യൻ മുസ്ലിംകളെ ഇന്ത്യയിൽ തുടരാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരസംഘങ്ങൾ അവരെ ഉപയോഗിച്ച് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചേക്കാമെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. നിയമപരമായി റോഹിങ്ക്യകൻ അഭയാർഥികളെ പുറത്താക്കാൻ ഇന്ത്യക്ക് കഴിയില്ലെന്ന് യു.എൻ നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.