പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അണ്ഡം ഐ.വി.എഫ് കേന്ദ്രത്തിന് വിറ്റു; ദമ്പതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
text_fieldsവാരണാസി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അണ്ഡം കുട്ടികളില്ലാത്ത ദമ്പതികൾക്ക് ഐ.വി.എഫ് കേന്ദ്രത്തിലെത്തി വിൽപന നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അണ്ഡദാനത്തിന് കുട്ടികൾ യോഗ്യരാണെന്ന് തെളിയിക്കുന്ന വ്യാജരേഖകൾ സമർപ്പിച്ചായിരുന്നു സംഘത്തിന്‍റെ വിൽപന. തങ്ങളെ പണം നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അമ്മ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ദമ്പതികൾ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സീമ ദേവി, ഭർത്താവ് ആഷിഷ് കുമാർ, അനിത ദേവി, അൻമോൽ ജെയ്സ്വാൾ എന്നിവരാണ് പിടിയിലായത്.
കുട്ടികളെ പണം നൽകി പ്രലോഭിപ്പിച്ച ശേഷമായിരുന്നു സംഭവം. 17കാരിയായ പെൺകുട്ടിയുടെ മാതാവ് പരാതി നൽകിയതോടെയാണ് അനധികൃത അണ്ഡദാനത്തെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. അണ്ഡദാനത്തിനായി കുട്ടിക്ക് 30,000 രൂപ നൽകാമെന്ന് സംഘം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ 11,500 രൂപ മാത്രമാണ് നൽകിയതെന്നുമായിരുന്നു പരാതി. അണ്ഡദാനസമയത്ത് കുട്ടിയെ ഇരുട്ടുമുറിയിൽ അടച്ചിട്ടിരുന്നതായും പരാതിക്കാരി ആരോപിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലെ പെൺകുട്ടികളായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. അന്വേഷണത്തിൽ പ്രദേശത്തെ പ്രമുഖ ഐ.വി.എഫ് കേന്ദ്രത്തിലെ ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും സംഭവത്തിൽ പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ടെന്ന് കാശി മേഖല ഡി.സി.പി ആർ.എസ് ഗൗതം പറഞ്ഞു.
നിയമപരകാരം അണ്ഡദാനത്തിനെത്തുന്നയാൾക്ക് 23 വയസ് പൂർത്തിയാക്കിയിരിക്കണം. ഇവർ വിവാഹിതയും മൂന്ന് വയസെങ്കിലും പ്രായമുള്ള കുഞ്ഞിന്‍റെ അമ്മയുമായിരിക്കണമെന്നും നിയമമുണ്ട്. ഒരു സ്തീക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് അണ്ഡം ദാനം ചെയ്യാൻ സാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.