ബംഗാളിൽ പിരിച്ചുവിട്ട സ്കൂൾ ജീവനക്കാരിൽ മുഖ്യമന്ത്രിയുടെ ബന്ധുവും
text_fieldsകൊൽക്കത്ത: ബംഗാളിൽ വിവിധ സർക്കാർ സ്കൂളുകളിലെ ഗ്രൂപ് സി വിഭാഗത്തിൽനിന്ന് പിരിച്ചുവിട്ട അനധ്യാപക ജീവനക്കാരിൽ മുഖ്യമന്ത്രി മമത ബാനർജിയുടെയും മന്ത്രി ശ്രീകാന്ത മഹാതയുടെയും ബന്ധുക്കളും. കൊൽക്കത്ത ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെത്തുടർന്നാണ് പശ്ചിമ ബംഗാൾ സ്കൂൾ സർവിസ് കമീഷൻ 842 ജീവനക്കാരെ പിരിച്ചുവിട്ടത്.
ബിർഭും ജില്ലയിലെ ബോൽപുർ ഹൈസ്കൂളിൽ പോസ്റ്റ് ചെയ്ത ബ്രിസ്റ്റി മുഖർജി മുഖ്യമന്ത്രിയുടെ ബന്ധുവാണ്. മമതയുടെ മാതൃബന്ധു നിഹാർ മുഖർജിയുടെ മകളാണ് ബ്രിസ്റ്റി. എന്നാൽ, ബ്രിസ്റ്റി ജോലിയിൽ കയറിയ ഉടൻതന്നെ ചികിത്സ ആവശ്യാർഥം രാജിവെച്ചതായി നിഹാർ മുഖർജി അറിയിച്ചു. ഝാർഗ്രാമിലെ ബൈത ശ്രീ ഗോപാൽ ഹൈസ്കൂളിൽ നിയമിച്ച ഖൊഹാൻ മഹാത മന്ത്രി ശ്രീകാന്ത മഹാതയുടെ ഇളയ സഹോദരനാണ്. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് ഇതു വരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, സർക്കാറിന്റെ അഴിമതിയെക്കുറിച്ചുള്ള ചെറിയ സൂചനയാണിതെന്ന് ബി.ജെ.പി നേതാവും എം.പിയുമായ ദിലീപ് ഘോഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.