മണിപ്പൂർ ജനതയോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി; നിർഭാഗ്യകരമായ സംഭവങ്ങളാണ് ഈ വർഷം നടന്നതെന്നും ബീരേൺ സിങ്
text_fieldsന്യൂഡൽഹി: സംസ്ഥാനത്തെ വർഗീയ സംഘർഷങ്ങളിൽ മണിപ്പൂർ ജനതയോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി എൻ. ബീരേൺ സിങ്. ‘നിർഭാഗ്യകരമായ സംഭവങ്ങളാണ് ഈ വർഷം നടന്നത്. കഴിഞ്ഞ മെയ് മൂന്നു മുതൽ ഇന്നുവരെ സംസ്ഥാനത്തുണ്ടായ അനിഷ്ട സംഭവങ്ങളിൽ മാപ്പു ചോദിക്കുന്നു. നിരവധി പേർക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. നിരവധി പേർക്ക് വീട് ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഖേദം പ്രകടിപ്പിക്കുന്നു. ക്ഷമ ചോദിക്കുന്നു’ -ബീരേൺ സിങ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് നാല് മാസമായി സംസ്ഥാനം സമാധാനത്തിലൂടെ കടന്നുപോകുന്നത് പ്രതീക്ഷ നൽകുന്നു. 2025ഓടെ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുമെന്ന് വിശ്വാസമുണ്ട്. സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടും അഭ്യർഥിക്കുകയാണ്, സംഭവിച്ചതെല്ലാം സംഭവിച്ചു. നിങ്ങൾ കഴിഞ്ഞ തെറ്റുകൾ ക്ഷമിക്കുകയും മറക്കുകയും വേണം, സമാധാനവും സമൃദ്ധവുമായ മണിപ്പൂരിനായി ഒരു പുതിയ ജീവിതം ആരംഭിക്കണം. മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒത്തരുമയോടെ കഴിയണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
കഴിഞ്ഞ മെയ് മുതൽ സംസ്ഥാനത്ത് നടക്കുന്ന കുക്കി-മെയ്തെയ് സംഘർഷങ്ങളിൽ 180ലധികം ജീവനുകളാണ് നഷ്ടായത്. സംഘർഷം നിയന്ത്രിക്കുന്നത്തിൽ സംസ്ഥാന-കേന്ദ്ര സർക്കാറുകൾ പൂർണമായും പരാജയപ്പെട്ടിരുന്നു.
മെയ് മൂന്നാം തീയതിയാണ് മണിപ്പൂരിന്‍റെ സമാധാനവും ശാന്തിയും തകർത്ത് സംഘർഷങ്ങൾ ആരംഭിച്ചത്. മെയ്തെയ് വിഭാഗത്തിന് പട്ടികജാതി വർഗ പദവി നൽകുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്ന മണിപ്പൂർ ഹൈകോടതിയുടെ ഉത്തരവാണ് സംഘർഷത്തിന് കാരണമായത്.
പിന്നീടങ്ങോട്ട് തുടർച്ചയായ സംഘർഷങ്ങൾക്കാണ് മണിക്കൂർ സാക്ഷ്യം വഹിച്ചത്. നിരവധി ഗ്രാമങ്ങളും വീടുകളും ആരാധനാലയങ്ങളും സ്കൂളുകളും അഗ്നിക്കിരയായി. യുവതികൾ കൂട്ട ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ടു. നിരവധി കുട്ടികളെ രക്ഷിതാക്കൾ ക്യാമ്പുകളിൽ ഉപേക്ഷിച്ചു. സ്വന്തം വീടും ഉപജീവനമാർഗവും ഇല്ലാതായി അമ്പതിനായിരത്തിലധികം ആളുകളാണ് 350 ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്. പുതു വർഷത്തിലേക്ക് കടക്കുമ്പോഴും സംഘർഷം നിയന്ത്രിക്കാനോ, അവസാനിപ്പിക്കാനോ സംസ്ഥാന കേന്ദ്ര സർക്കാറുകൾക്കായിട്ടില്ല. ഇതിനിടെയാണ് സംസ്ഥാനത്തെ ജനതയോട് പരസ്യമായി മാപ്പു ചോദിച്ച് മുഖ്യമന്ത്രി രംഗത്തുവന്നത്.
സംഘർഷത്തിനിടെ രണ്ട് യുവതികളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ പുറത്തുവന്നത് രാജ്യ വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായി. സംഭവത്ിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.