‘ഞാൻ ആരോഗ്യമന്ത്രിയാണ്’ - കത്ത് വിവാദത്തെ കുറിച്ച് മൻസുഖ് മാണ്ഡവ്യ
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ.
‘ആ കത്ത് രാഷ്ട്രീയപരമല്ല. ഞാൻ ആരോഗ്യമന്ത്രിയാണ്. ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കോവിഡ് 19 നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത എപ്പോഴും വിലയിരുത്തേണ്ടതുണ്ട്. മൂന്ന് എം.പിമാർ അവരുടെ ആശങ്ക എന്നോട് പങ്കുവെച്ചു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖുവിനെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതിനു പിന്നാലെ കോവിഡ് പോസിറ്റീവായിരിക്കുകയാണ്’ - മാണ്ഡവ്യ വ്യക്തമാക്കി.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ഇല്ലെങ്കിൽ ഭാരത് ജോഡോ യാത്ര തുടരാനാകില്ലെന്നും കാണിച്ച് രാഹുൽ ഗാന്ധിക്ക് മന്ത്രി കത്തയച്ചിരുന്നു. യാത്ര തടസപ്പെടുത്താനുള്ള ബി.ജെ.പിയുടെ തന്ത്രമാണിതെന്നും കേന്ദ്ര സർക്കാർ സത്യത്തെ ഭയപ്പെടുന്നുവെന്നുമായിരുന്നു രാഹുൽ കത്തിന് നൽകിയ മറുപടി.
‘ഒമിക്രോൺ ഉപവകഭേദം ബി.എഫ് 7 ബാധിച്ച നാലു കേസുകൾ ഗുജറാത്തിലും ഒഡിഷയിലും ജൂലൈ, സെപ്റ്റംബർ, നവംബർ മാസങ്ങളിലായി റിപ്പോർട്ട് ചെയ്തു. എന്നാൽ ആരോഗ്യമന്ത്രി ഇന്നലെ രാഹുൽ ഗാന്ധിക്ക് കത്തെഴുതി. പ്രധാനമന്ത്രി ഇന്ന് സാഹചര്യം അവലോകനം ചെയ്യുന്നു. അടുത്ത ദിവസം ഭാരത് ജോഡോ യാത്ര ഡൽഹിയിലേക്ക് കടക്കും. ഇതിന്റെ കാലഗണന മനസിലോയോ’ - എന്നായിരുന്നു ജയറാം രമേശ് ട്വീറ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.