കോവിഡ് രോഗികൾ ആശുപത്രിയിൽ പോവേണ്ട, തന്‍റെ ഉപദേശം കേട്ടാൽ മതിയെന്ന് ബാബാ രാംദേവ്; പരാതിയുമായി ഐ.എം.എ
text_fieldsജലന്ധർ (പഞ്ചാബ്): യോഗ ഗുരു ബാബാ രാംദേവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. നവ്ജോത് സിങ് ദാഹിയ പൊലീസിൽ പരാതി നൽകി.
കോവിഡ് രോഗികളെ കളിയാക്കുകയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെ അവഹേളിക്കുകയും രോഗികളെ തെറ്റിദ്ധരിപ്പിച്ച് ഭീതി പരത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. വിവേകശൂന്യവും മനുഷ്യത്വരഹിതവുമാണ് ബാബാ രാംദേവിന്‍റെ പ്രവർത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേസിനാധാരമായി ബാബാ രാംദേവിന്‍റെ വിഡിയോ അദ്ദേഹം പൊലീസിന് കൈമാറി. 'കോവിഡ് രോഗികൾക്ക് കൃത്യമായി ശ്വാസമെടുക്കേണ്ടത് എങ്ങിനെയാണെന്ന് അറിയില്ല. ഇതിനാൽ തന്നെ നെഗറ്റീവിറ്റി പരത്തുകയും ഓക്സജിൻ ക്ഷാമമാണെന്നും ശ്മശാനങ്ങളിൽ സ്ഥലമില്ലെന്നും പരാതിപ്പെടുന്നു' -വിഡിയോയിൽ രാംദേവ് രോഗികളെ പഴി പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ക്രിമിനൽ കേസ് ചാർജ് ചെയ്യണമെന്നും ദാഹിയ കമീഷണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
കോവിഡ് ബാധിതരായവർ ചികിത്സക്കായി ആശുപത്രികളിൽ പോകരുതെന്നും പകരം തന്‍റെ ഉപദേശം സ്വീകരിച്ചാൽ മതിയെന്നും ബാബാ രാംദേവ് പറഞ്ഞതായി പരാതിയിൽ ഡോക്ടർ പറയുന്നു.
ആന്‍റിബയോട്ടിക് കുത്തിവെപ്പുകളും റെംഡെസിവിറും വഴി സർക്കാർ-സ്വകാര്യ ആശുപത്രകളിലെ ഡോക്ടർമാർ കോവിഡ് രോഗികളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്ന ഗുരുതരമായ ആരോപണവും ബാബ രാംദേവ് വിഡിയോയിലൂടെ ഉന്നയിച്ചതായി ദാഹിയ പരാതിപ്പെട്ടു.
'തികച്ചും വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ മുഖേന ബാബാ രാംദേവ് ആളുകളെ ഭീതിപ്പെടുത്തുകയാണ്. ഇതേത്തുടർന്ന് ജനങ്ങൾ ആശുപത്രിയിലേക്ക് ചികിത്സ തേടിയെത്താൻ വിമുഖത കാണിക്കുകയാണ്. ഇത് കോവിഡിനെതിരായ സർക്കാറിന്‍റെ പോരാട്ടത്തിന് വിലങ്ങുതടിയാകുന്നു' -അദ്ദേഹം അഭിപ്രായെപട്ടു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച ഐ.എം.എയിലെ പ്രമുഖനാണ് ഡോ. ദാഹിയ. പരാജിതനായ പ്രധാനമന്ത്രിയെന്നാണ് അദ്ദേഹം മോദിയെ വിശേഷിപ്പിച്ചത്.
തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ കൂറ്റൻ റാലികൾ നടത്തിയും കുംഭമേള നടത്താൻ അനുമതി കൊടുത്തും മോദി സൂപ്പർ സ്പ്രെഡറായി മാറിയതായി അദ്ദേഹം ആേരാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.