വൈറലായി 52,841 രൂപയുടെ മദ്യബിൽ! പിന്നാലെ വിൽപനക്കാരനെതിരെ കേസ്
text_fieldsബംഗളൂരു: 52,841 രൂപയുടെ മദ്യം വാങ്ങിയതിെൻറ മദ്യബിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതോടെ മദ്യം വാങ്ങിയവരും മദ്യം വിറ്റവരും വെട്ടിലായി. ഒരാൾക്ക് വിൽക്കാൻ അനുവദിച്ചിരിക്കുന്ന അളവിൽ കൂടുതൽ മദ്യം വിറ്റതിന് മദ്യം വിറ്റയാൾക്കെതിരെ കർണാടക എക്സൈസ് വകുപ്പ് കേസെടുത്തു. കൈവശം സൂക്ഷിക്കാവുന്നതിലും അധികം സൂക്ഷിച്ചതിന് വാങ്ങിയ ആൾക്കെതിരെയും അന്വേഷിച്ചശേഷം കേസെടുക്കുമെന്ന് എക്സൈസ് അറിയിച്ചു.
തിങ്കളാഴ്ച മുതലാണ് കർണാടകയിൽ മദ്യവിൽപന ശാലകൾ തുറന്നത്. ബംഗളൂരുവിലെ സൗത്ത് താവരക്കെരെയിലെ വനില സ്പിരിറ്റ് സോൺ എന്ന ഒൗട്ട് ലെറ്റിൽനിന്നും ഒറ്റയടിക്ക് 52,841 രൂപയുടെ മദ്യം വാങ്ങിയതിെൻറ ബിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.
കർണാടക എക്സൈസ് നിയമ പ്രകാരം ഒരു ദിവസം ഒരാൾക്ക് പരമാവധി 2.3 ലിറ്റർ മദ്യമോ 18.2 ലിറ്റർ ബിയറോ മാത്രമാണ് വിൽക്കാനും വാങ്ങുന്നയാൾക്ക് കൈവശം വെക്കാനും അനുവാദമുള്ളത്. 52,841 രൂപയുടെ ബില്ലിൽ 17.4 ലിറ്റർ മദ്യവും 35.7ലിറ്റർ ബിയറുമാണ് വാങ്ങിയത്. ആരാണ് മദ്യം വാങ്ങിയതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും നിയമം ലംഘിച്ച് കൂടുതൽ മദ്യം കൈവശം വെച്ചതിന് ഇയാൾക്കെതിരെയും കേസെടുക്കാമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ കടയുടമയെ ചോദ്യം ചെയ്തു.
എട്ടുപേരടങ്ങുന്ന സംഘമാണ് മദ്യം വാങ്ങാൻ എത്തിയതെന്നും വാങ്ങിയശേഷം ഒരാളുടെ കാർഡ് ഉപയോഗിച്ച് ഒന്നിച്ച് പണം നൽകുകയായിരുന്നുവെന്നും അതിനാലാണ് ഒറ്റ ബിൽ നൽകിയതെന്നുമാണ് കട ഉടമയുടെ വിശദീകരണം.
കടയുടമയുടെ വിശദീകരണം അന്വേഷിക്കുകയാണെന്നും ഇതിനുശേഷമേ തുടർ നടപടിയുണ്ടാകൂവെന്നും എക്സൈസ് ഡെപ്യൂട്ടി കമീഷണർ എ. ഗിരി പറഞ്ഞു. ബംഗളൂരുവിലെ ഡോളേഴ്സ് കോളനിയിലെ മദ്യവിൽപന ശാലയിൽനിന്നും 95,347 രൂപയുടെ മദ്യം വാങ്ങിയതിെൻറ ബില്ലും മംഗളൂരുവിലെ മദ്യശാലയിൽനിന്നും 59,952 രൂപയുടെ മദ്യം വാങ്ങിയതിെൻറ ബില്ലും സമാന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.