ചൈനക്കു മറുപടി; ഗൽവാനിൽ ത്രിവർണപതാക പാറിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ അതിർത്തി തർക്കം നിലനിൽക്കുന്ന ഗൽവാൻ താഴ്വരയിൽ പതാക ഉയർത്തി പ്രകോപനം സൃഷ്ടിച്ച ചൈനീസ് സേനക്ക് മറുപടിയായി താഴ്വരയിൽ ത്രിവർണപതാക ഉയർത്തി ഇന്ത്യൻ സേന. പുതുവർഷ ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ പതാക ഉയർത്തലിന്‍റെ ചിത്രങ്ങൾ ഇന്ത്യൻ സായുധസേന വൃത്തങ്ങൾ ചൊവ്വാഴ്ച പുറത്തുവിട്ടു.
''ധീരരായ ഇന്ത്യൻ സേനാംഗങ്ങൾ'' എന്ന വിശേഷണത്തോടെ കേന്ദ്ര നീതിന്യായ മന്ത്രി കിരൺ റിജിജുവും ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു.
പുതുവർഷത്തിൽ തങ്ങളുടെ ജനതക്ക് ആശംസകൾ നേരുന്നുവെന്ന് പറഞ്ഞാണ്, ഗൽവാൻ താഴ്വരയുടെ ഒരുഭാഗത്ത് ചൈനീസ് സേന അവരുടെ ദേശീയപതാക ഉയർത്തുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 30 ഇന്ത്യൻ സൈനികർ ദേശീയപതാകയേന്തി നിൽക്കുന്ന ദൃശ്യമാണ് പ്രതിരോധവൃത്തങ്ങൾ ചൊവ്വാഴ്ച പുറത്തുവിട്ടത്. ജനുവരി ഒന്നിനുതന്നെയുള്ള ചിത്രങ്ങളാണെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്.
2020 മേയ് മുതൽ ഇന്ത്യ-ചൈന സംഘർഷം തുടരുന്ന പ്രദേശമാണ് ഗൽവാൻ താഴ്വര. കിഴക്കൻ ലഡാക്കും വടക്കൻ സിക്കിമും അടക്കം 10 അതിർത്തി പ്രദേശങ്ങളിൽ പുതുവർഷാശംസകളുടെ ഭാഗമായി ജനുവരി ഒന്നിന് ഇന്ത്യ-ചൈന സേനകൾ പരസ്പരം മധുരം കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും 'പതാക ഉയർത്തൽ' ശക്തിപ്രകടനം. ചൈന പതാക ഉയർത്തിയത് തീർത്തും അവരുടെ മേഖലയിലാണെന്നും, സംഘർഷം ഒഴിവാക്കുന്നതിനായി ഒഴിച്ചിട്ട ബഫർ സോണിൽ നിന്ന് അകലെയാണിതെന്നും ഇന്ത്യൻ വൃത്തങ്ങൾ വിശദീകരിച്ചു.
പാങ്ങോങ്ങ് തടാകതീരത്ത് നടന്ന രക്തരൂഷിത സംഘട്ടനങ്ങൾക്കുശേഷം ഇരു രാജ്യങ്ങളും മേഖലയിൽ തങ്ങളുടെ സൈനികസാന്നിധ്യം വൻതോതിൽ വർധിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.