Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
heat
cancel
Homechevron_rightNewschevron_rightIndiachevron_rightഉഷ്ണതരംഗ ഭീതിയിൽ...

ഉഷ്ണതരംഗ ഭീതിയിൽ രാജ്യം; കൊടും ചൂടിനെ പ്രതിരോധിക്കാൻ അറിയേണ്ടതെല്ലാം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്തെ ഒമ്പതു സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി കലാവസ്ഥാ വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളിൽ ചൂട് 45 ഡിഗ്രിയിൽ എത്തുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

പശ്ചിമ ബംഗാൾ, ബിഹാർ, ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് അപകടകരമായ തോതിൽ ഉയർന്ന ചൂട് അനുഭവപ്പെടുക. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. കൂടാതെ സിക്കിം, ജാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ട്. ഹരിയാനയിലും പഞ്ചാബിലും ഇന്നലെ ഉഷ്ണ തരംഗത്തിന് സമാന സാഹചര്യമായിരുന്നു. ഇന്നും ഇത് തുടരും.

സമതലങ്ങളിൽ ചൂട് പരമാവധി 40 ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കുമ്പോളാണ് ഉഷ്ണതരംഗമായി പരിഗണിക്കുന്നത്. തീരപ്രദേശങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിലും മലയോര മേഖലകളിൽ 30 ഡിഗ്രി സെൽഷ്യസിലും കൂടുതൽ ചൂടും (ശരാശരി പരമാവധിയേക്കാൾ 4.5 നും 6.4 ഡിഗ്രി സെൽഷ്യസിനും ഇടയിൽ കൂടുന്ന അവസ്ഥ). ഈ അവസ്ഥകൾ തുടർച്ചയായി രണ്ട് ദിവസം തുടരുകയാണെങ്കിൽ, രണ്ടാം ദിവസം ഉഷ്ണതരംഗമായി പ്രഖ്യാപിക്കും.

സൂര്യാഘാതം നിസാരമല്ല

അമിത ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. ഉടന്‍തന്നെ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണംപോലും സംഭവിക്കാം. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ നിരവധി പേർക്ക് സൂര്യാതപമേൽക്കുകയും 13 പേർ മരിക്കുകയും ചെയ്തിരുന്നു. അന്ന് 42 ഡിഗ്രി ചൂടായിരുന്നു മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. ഉഷ്ണതരംഗത്തിൽ, ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നവരോ ഭാരിച്ച ജോലികൾ ചെയ്യുന്നവരോ ആയ ആളുകളിൽ ഉഷ്ണരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കഠിനമായ ചൂടിൽ കുട്ടികൾ, രോഗികൾ, വൃദ്ധർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഇവർ ദാഹമില്ലെങ്കിലും വെള്ളം ധാരാളം കുടിക്കണമെന്നും ഐ.എം.ഡി ശുപാർശ ചെയ്തിട്ടുണ്ട്.

പ്രായമേറിയവരും കുട്ടികളും രോഗികളും ശ്രദ്ധിക്കണം

പ്രായമേറിയവരിലും കുട്ടികളിലും മറ്റ് ശാരീരിക പ്രശ്നങ്ങളുള്ളവരിലുമാണ് സൂര്യാഘാതം സാധാരണയുണ്ടാകുന്നത്. എന്നാല്‍, കഠിനമായ ചൂടില്‍ അത്യധ്വാനം ചെയ്യുന്ന അരോഗദൃഢഗാത്രരിലും ഈ പ്രശ്നമുണ്ടാകാം. കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നു. ആന്തരാവയവങ്ങളായ തലച്ചോര്‍, കരള്‍, വൃക്കകള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിക്കുകയും രോഗി അതീവ ഗുരുതരാവസ്ഥയില്‍ എത്തുകയും ചെയ്യുന്നു.

സൂര്യാഘാതം രണ്ടുതരത്തില്‍

സൂര്യാഘാതം രണ്ടുതരത്തില്‍ പ്രശ്നങ്ങളുണ്ടാക്കാം. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിര്‍ന്നവരിലും വൃദ്ധജനങ്ങളിലുമാണ് ഈ വിഭാഗത്തില്‍പെട്ട സൂര്യാഘാതം കണ്ടുവരുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കാണ് ഈ പ്രശ്നമുണ്ടാകുന്നത്. എന്നാല്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരില്‍ അമിത ചൂടില്‍ അത്യധ്വാനത്തിലേര്‍പ്പെടുന്നതിനെ തുടര്‍ന്ന് സൂര്യാഘാതമുണ്ടാകാം. പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും വൃക്ക സ്തംഭനം ഉള്‍പ്പടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ

തലച്ചോറിന്‍െറ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്‍െറ മുഖ്യലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങി അപസ്മാര ചേഷ്ടകള്‍ക്കും തുടര്‍ന്ന് ഗാഢമായ അബോധാവസ്ഥക്കും (കോമ) ഇടയാക്കുന്നു. വൃദ്ധജനങ്ങളില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ചര്‍മം ഉണങ്ങി വരണ്ടിരിക്കും. എന്നാല്‍, അത്യധ്വാനത്തെ തുടര്‍ന്നുണ്ടാകുന്ന സൂര്യാഘാതമേറ്റവരില്‍ ശരീരം വിയര്‍ത്ത് നനഞ്ഞിരിക്കും.

പരിചരണം അനിവാര്യം

സൂര്യാഘാതമുണ്ടായാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കുന്നതിന് തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണനിരക്ക് 60-75 ശതമാനം വരെയാകാം. സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുപോലും 20 ശതമാനത്തിനും തലച്ചോറില്‍ സ്ഥായിയായ വൈകല്യമുണ്ടാകാനിടയുണ്ട്. ഓര്‍മക്കുറവ്, നാഡീഞരമ്പുകളുടെ തളര്‍ച്ച എന്നിവ കൂടാതെ വൃക്ക തകരാറുകളും തുടരാനിടയുണ്ട്.

മുൻകരുതലുകൾ

പകൽ സമയം പുറത്തിറങ്ങുമ്പോൾ വളരെ നേരിയ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

ഇരുണ്ട നിറങ്ങളേക്കാൾ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾക്ക് മുൻഗണന നൽകുക

അത്യാവശ്യമില്ലെങ്കിൽ വീടിനുള്ളിൽ തന്നെ ക.ിഞ്ഞുകൂടുക. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ പുറത്ത് ഇറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കുക

പുറത്തിറങ്ങുമ്പോൾ ഇലക്‌ട്രോലൈറ്റ് അധിഷ്‌ഠിത പാനീയങ്ങളോ സാധാരണ വെള്ളമോ കയ്യിൽ കരുതുക. കുറച്ച് ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളമാണ് ഏറ്റവും ഉചിതമായ പാനീയം

സൂര്യപ്രകാശത്തിൽ നടക്കുമ്പോൾ മുഖവും തലയും സ്കാർഫ് അല്ലെങ്കിൽ തൊപ്പി ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിക്കുക

നിർജ്ജലീകരണത്തിലേക്ക് നയിക്കുന്നതിനാൽ പുകവലിക്കുകയോ മദ്യം കഴിക്കുകയോ ചെയ്യരുത്

സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം?

സൂര്യാഘാതമേറ്റയാളെ തണലുള്ള സ്ഥലത്തേക്ക് ഉടന്‍ മാറ്റുക

വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റുക

മൂക്കിലും വായിലും പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയും തുടച്ചുമാറ്റുക

തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും

തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക

കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും

രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക

വേനല്‍ചൂടിനെ നേരിടാം

നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടുലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം

കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും

പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക

അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക. രാവിലെ പത്തുമുതല്‍ ഉച്ചക്ക് രണ്ടുമണി വരെയുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക

നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്

നട്ടുച്ചനേരത്തുള്ള ജാഥകള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക

പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heatwaveheatstrokeDos and don’ts
News Summary - IMD heatwave alert: Dos and don’ts to battle heatwave in India
Next Story