കുടിയേറ്റ, വിദേശി ബിൽ ലോക്സഭ പാസാക്കി; ഇന്ത്യ അഭയാർഥി കേന്ദ്രമല്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ
text_fieldsന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ എതിർപ്പും പാർലമെന്റ് സമിതിക്ക് വിടണമെന്ന ആവശ്യവും പരിഗണിക്കാത പുതിയ കുടിയേറ്റ, വിദേശി ബിൽ ലോക്സഭ പാസാക്കി. ദേശസുരക്ഷ, പരമാധികാരം, അഖണ്ഡത എന്നിവക്ക് പുറമെ മറ്റു വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം, പൊതുജന ആരോഗ്യം, അല്ലെങ്കിൽ കേന്ദ്ര സർക്കാർ നിഷ്കർഷിച്ച മറ്റു കാരണങ്ങൾ എന്നിവ മുൻനിർത്തി ഒരു വിദേശിയുടെ ഇന്ത്യയിലേക്കുള്ള വരവ് തടയുന്ന ബിൽ ശബ്ദ വോട്ടോടെയാണ് വ്യാഴാഴ്ച സഭ പാസാക്കിയത്.
വ്യക്തിപരമായ നേട്ടത്തിനായി രാജ്യത്ത് അഭയം തേടുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർധിച്ചുവെന്ന് ബില്ലിൻമേൽ നടന്ന ചർച്ചയുടെ മറുപടി പ്രസംഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കും. റോഹിങ്ക്യകളായാലും ബംഗ്ലാദേശികളായാലും അവർ അശാന്തി സൃഷ്ടിക്കാൻ ഇന്ത്യയിലെത്തിയാൽ കർശന നടപടിയെടുക്കും. രാജ്യം അഭയാർഥി കേന്ദ്രമല്ല. രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ ആരെങ്കിലും ഇവിടെ വന്നാൽ അവരെ എപ്പോഴും സ്വാഗതം ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി.
1946ലെ വിദേശി നിയമം, 1920ലെ പാസ്പോര്‍ട്ട് നിയമം, 1939ലെ വിദേശികളുടെ രജിസ്ട്രേഷന് നിയമം, 2000ത്തിലെ ഇമിഗ്രേഷന്‍ നിയമം തുടങ്ങിയവക്ക് പകരമാണ് പുതിയ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബിൽ. രേഖകളില്ലാത്തവരെ കൊണ്ടുവരുന്ന വിമാനങ്ങൾക്കും വാഹനങ്ങൾക്കും അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്തും. ടൂറിസ്റ്റ്, തൊഴിൽ, സ്റ്റുഡന്റ്സ്, അഭയാർഥികൾ എന്നിങ്ങനെ വരുന്ന വിദേശികളുടെ മുൻഗണന നിശ്ചയിക്കും. വിദേശികൾ എത്തുന്ന സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നതാണ് ബിൽ. വിദേശികളെക്കുറിച്ച് അവ എമിഗ്രേഷൻ അധികൃതർക്ക് റിപ്പോർട്ട് ചെയ്യണം. വിദേശിയുടെ വരവിന് നിയമസാധുത നൽകേണ്ട ഉത്തരവാദിത്തം ഇതോടെ സർക്കാറിൽനിന്ന് വ്യക്തികളിലേക്കായി.
ചില സമുദായങ്ങളെ ലക്ഷ്യം വെച്ചെന്ന് എം.പിമാർ
ന്യൂഡൽഹി: കുടിയേറ്റ, വിദേശി ബിൽ ചില പ്രത്യേക വിഭാഗങ്ങളോട് വിവേചനപരമായി നിലപാട് സ്വീകരിക്കാൻ അവസരമൊരുക്കുന്നതാണെന്ന് ലോക്സഭയിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച എൻ.കെ പ്രേമചന്ദ്രൻ, കെ. രാധാകൃഷ്ണൻ എന്നിവർ ചൂണ്ടിക്കാട്ടി.
ബില്ലിലെ പല വ്യവസ്ഥകളും സ്വാഭാവിക നീതിയുടെയും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. വിദ്യാഭ്യാസത്തിനും ചികിത്സക്കുമായി നാട്ടിലെത്തുന്നവർക്ക് ഏർപ്പെടുത്തിയ വ്യവസ്ഥകൾ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കുന്നതാണ്. രാഷ്ട്രീയ പ്രതിയോഗികളെയും വിയോജിക്കുന്നവരെയും ഉന്മൂലനം ചെയ്യാനുള്ള ആയുധമായി രാജ്യ സുരക്ഷയെ ഉപയോഗിക്കുന്ന ഈ ഘട്ടത്തിൽ ബില്ലിലെ വ്യവസ്ഥകൾ കൂടുതൽ ദുരുപയോഗം ചെയ്യുമെന്നതിൽ സംശയമില്ല. ചില പ്രത്യേക വിഭാഗങ്ങളോട് വിവേചനപരമായി നിലപാട് സ്വീകരിക്കുന്ന അവസരമൊരുക്കുന്ന ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിൽ അതിരുകടന്ന അധികാരങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും വഴിയൊരുക്കുമെന്ന് കെ. രാധാകൃഷ്ണൻ എം.പി പഞ്ഞു. ബില്ലിന്റെ ഏറ്റവും ഭയാനകമായ വശങ്ങളിൽ ഒന്ന് എമിഗ്രേഷൻ ഓഫിസർമാർക്ക് അനുവദിച്ച അമിതാധികാരമാണ്. എമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചതായി സംശയിക്കുന്ന വ്യക്തികളെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ ബിൽ അനുവദിക്കുന്നു. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യാൻ വേണ്ടിയുള്ളതാണ്. ഏകപക്ഷീയമായ തടങ്കലിലേക്കും വിദേശ പൗരന്മാരെ ഉപദ്രവിക്കുന്നതിലേക്കും നയിക്കും.
റെയിൽവേ ബിൽ ലോക്സഭ പാസാക്കി
ന്യൂഡൽഹി: ലോക്സഭ കഴിഞ്ഞ ഡിസംബറിൽ പാസാക്കിയ റെയിൽവേ ബിൽ രാജ്യസഭ വരുത്തിയ ഭേദഗതികൾ അംഗീകരിച്ച് വ്യാഴാഴ്ച വീണ്ടും ലോക്സഭ പാസാക്കി. 1989ലെ റെയിൽവേ നിയമം ഭേദഗതി ചെയ്ത് കൊണ്ടുവന്നതായിരുന്നു റെയിൽവേ ബിൽ 2024. ലോക്സഭ പാസാക്കിയ ശേഷം രാജ്യസഭയിൽ ചില ഭേദഗതികൾ കൊണ്ടുവന്നതോടെയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബിൽ ലോക്സഭയിൽ വീണ്ടും അവതരിപ്പിച്ചത്.
അമിത് ഷാക്കെതിരായ അവകാശ ലംഘന നോട്ടീസ് തള്ളി
ന്യൂഡൽഹി: ബുധനാഴ്ച രാജ്യസഭയിൽ നടന്ന ദുരന്തനിവാരണ ഭേദഗതി ബിൽ ചർച്ചയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കോൺഗ്രസ് നൽകിയ അവകാശ ലംഘന നോട്ടീസ് തള്ളി. പ്രസ്താവന സംബന്ധിച്ച് അമിത് ഷാ സമർപ്പിച്ച രേഖകൾ പരിശോധിച്ചെന്നും വസ്തുതാപരമല്ലാത്ത ഒന്നും പ്രസംഗത്തിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ അവകാശ ലംഘന നോട്ടീസ് തള്ളിയത്.
അമിത് ഷാക്കെതിരെ കോൺഗ്രസ് രാജ്യസഭ ചീഫ് വിപ്പ് ജയറാം രമേശാണ് ചട്ടം 188 പ്രകാരം നോട്ടീസ് നൽകിയത്. ഇതു സഭ പരിഗണിക്കുന്നതിനു മുമ്പേ മാധ്യമങ്ങളിൽ പ്രചരിച്ചതിൽ ധൻഖർ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.