തന്നെ ഒരാൾ പിന്തുടർന്ന് ശല്യെപ്പടുത്തിയെന്ന് യുവതി; മുംബൈയിലെ തിരക്കിൽ അത് സാധ്യമല്ലെന്ന് വിധിച്ച് കോടതി
text_fieldsമുംബൈ: തന്നെ ഒരാൾ പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ വിചിത്ര വിധിയുമായി മുംബൈ കോടതി. മുംബൈ നഗരത്തിലെ തിരക്കിനിടയിൽ റോഡുകളിൽ ആരെയെങ്കിലും പിന്തുടരുന്നത് അസാധ്യമാണെന്ന് നിരീക്ഷിച്ചാണ് 40 കാരനായ യുവാവിനെ എസ്പ്ലനേഡ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി വെറുതേവിട്ടത്.
ചിറ ബസാറിലെ ഗാരേജ് ഉടമയായ യുവാവാണ് കുറ്റാരോപിതൻ. ലോവർ പരേലിൽ ജോലി ചെയ്യുന്ന ചിറ ബസാർ സ്വദേശിനിയായ യുവതിയായിരുന്നു പരാതിക്കാരി. എല്ലാ ദിവസവും രാവിലെ മറൈൻ ലൈൻ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ തന്നെ ഇയാൾ ബൈക്കിൽ പിന്തുടരുന്നുവെന്നാണ് യുവതി പരാതി നൽകിയത്. സ്‌റ്റേഷനിലേക്കുള്ള യാത്രാമധ്യേ ഗാരേജ് കടന്നുവേണമായിരുന്നു ഇവർക്കുപോകാൻ. ഈ സമയം ഗ്യാരേജ് ഉടമ പിന്തുടരുന്നുവെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മുംബൈയിലെ തിരക്കേറിയ റോഡുകളിൽ, പ്രത്യേകിച്ചും രാവിലെ ആളുകൾ റെയിൽവേ സ്റ്റേഷനുകളിലും ഓഫീസുകളിലും എത്താൻ നെട്ടോട്ടമോടുമ്പോൾ ഒരാൾ ആരെയെങ്കിലും പിന്തുടരുന്നത് അസാധ്യമാണെന്നാണ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് യശശ്രീ മരുൽക്കർ വിധിച്ചത്.
'അടിസ്ഥാനപരമായി, തിരക്കേറിയ പ്രഭാതങ്ങളിൽ ഫുട്പാത്തിലൂടെ നടക്കുന്ന ഒരാളെ പിന്തുടരുന്നത് അസാധ്യമാണ്. അതും റോഡിന്റെ മറുവശത്ത് നിന്ന് ബൈക്കിൽ'-കോടതി പറയുന്നു.
പ്രതി തന്നെ തുറിച്ചുനോക്കുകയും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തുവെന്നും യുവതി ആരോപിച്ചിരുന്നു. തന്റെ ഗാരേജ് കടക്കുമ്പോൾ അയാൾ ബൈക്ക് എടുത്ത് റോഡിന്റെ മറുവശത്ത് തന്നെ പിന്തുടരുമെന്നും പരാതിൽ ഉണ്ടായിരുന്നു. 2017 ഓഗസ്റ്റ് 3 ന് പ്രതി തന്നെ കൈകാണിച്ച് വിളിക്കുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് യുവതി തന്റെ സുഹൃത്തുക്കളുമായി സംസാരിക്കുകയും അവരുടെ നിർദ്ദേശാനുസരണം ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു.
സംഭവത്തിൽ എൽ.ടി മാർഗ് പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 ഡി വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഗാരേജ് ഉടമ കുറ്റം നിഷേധിക്കുകയും പരാതി തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും വാദിച്ചിരുന്നു. ഇയാളുടെ വാദത്തോട് യോജിച്ചാണ് കോടതി വിധി പറഞ്ഞത്.
പരാതി നൽകാനുള്ള കാലതാമസവും മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ചോദ്യം ചെയ്തു. പ്രതി മൂന്ന് മാസത്തോളം സ്ഥിരമായി പിന്തുടരുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് നേരത്തേ പോലീസിനെ സമീപിച്ചില്ല എന്ന ചോദ്യമാണ് ജഡ്ജി ചോദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.