കങ്കണയുടെ സമീപകാല പ്രസ്താവനകളെ പിന്തുണക്കില്ല; ഓഫീസ് പൊളിച്ച നടപടി അപലപനീയം -പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
text_fieldsമുംബൈ: നടി കങ്കണ റണാവത്തിെൻറ ഓഫീസ് കെട്ടിടം പൊളിച്ച ബ്രിഹാൻ മുംബൈ കോർപറേഷെൻറ നടപടികളെ അപലപിച്ച് ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ.
ബാന്ദ്രയിൽ കങ്കണയുടെ ഉടമസ്ഥതയിലുള്ള മണികർണിക ഫിലിംസിെൻറ ഓഫീസ് ഭാഗികമായി പൊളിച്ചുമാറ്റിയത് അപലപിച്ച് സംഘടന പ്രസ്താവന ഇറക്കി. എന്നാൽ കങ്കണയുടെ സമീപകാല പ്രസ്താവനകളെ പിന്തുണക്കില്ലെന്ന് ഇം.പി.പി.എ പ്രസിഡൻറ് ടി.പി അഗർവാൾ അറിയിച്ചു. കങ്കണക്ക് പിന്തുണയുമായി നിരവധി അഭിനേതാക്കളും സെലിബ്രിറ്റികളും രംഗത്തെത്തിയ ശേഷമാണ് ഇം.പി.പി.എ പ്രസ്താവന ഇറക്കിയത്.
കെട്ടിടം പൊളിച്ചതും തുടർ നടപടികളും മഹാരാഷ്ട്ര സർക്കാറിനോ കങ്കണ റണാവത്തിനോ നല്ലതല്ല. മഹാരാഷ്ട്ര സർക്കാറും ബി.എം.സിയും സ്വീകരിച്ച നടപടി അപലപനീയമാണ്. പൊളിക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും ബി.എം.സി ഉദ്ദേശിച്ച കാര്യങ്ങൾ അതിനകം ചെയ്തു കഴിഞ്ഞിരുന്നു. അധനികൃത നിർമാണം നടത്തിയെങ്കിൽ അത് ചൂണ്ടിക്കാട്ടിയിരുന്നെങ്കിൽ കങ്കണ ശരിയായ നടപടി സ്വീകരിക്കുമായിരുന്നു. ഹ്രസ്വകാല നോട്ടീസിലൂടെ അവരുടെ സ്വത്ത് നശിപ്പിക്കുകയാണ് ഉണ്ടായതെന്നും അതിൽ പ്രതിഷേധം അറിയിക്കുന്നുവെന്നും പത്രകുറിപ്പിൽ ഇം.പി.പി.എ അറിയിച്ചു.
അതേസമയം, കങ്കണയുടെ സമീപകാല പ്രസ്താവനകളെ പിന്തുണക്കില്ലെന്നും ടി.പി അഗർവാൾ വ്യക്തമാക്കി. ബോളിവുഡിലെ നെപോട്ടിസം, മയക്കുമരുന്ന് ഉപയോഗം എന്നീ വിഷയങ്ങളിലുള്ള ചില പ്രതികരണങ്ങൾ കങ്കണ ഒരിക്കലും പറയാൻ പാടില്ലായിരുന്നു. സ്വജനപക്ഷപാതം എല്ലാ മേഖലകളിലും ഉണ്ട്. ചലച്ചിത്രമേഖലയിൽ സ്വജനപക്ഷപാതം കൂടുതലായി നിലനിന്നിരുന്നുവെങ്കിൽ കങ്കണ ഇത്രയും വലിയ താരമാകുമായിരുന്നില്ല.
ബോളിവുഡ് മേഖല മുഴുവൻ മയക്കുമരുന്നിന് അടിമെപ്പട്ടിരിക്കുകയാണെന്ന് കങ്കണ പ്രസ്താവന നടത്തിയിരുന്നു. മുംബൈയിലെ മയക്കുമരുന്ന് മാഫിയകൾ മുഴുവൻ വ്യവസായത്തിൽ പങ്കാളികളാണെങ്കിൽ ഈ വ്യവസായം ഇതുപോലെ ആകില്ല. എല്ലാ മേഖലകളിലും 5-7 ശതമാനം ആളുകൾ ലഹരി ഉപയോഗിക്കുന്നവരായിരിക്കാം. സിനിമാ വ്യവസായം മയക്കുമരുന്നിന് അടിമപ്പെട്ടു എന്ന് പറയുന്നതിലൂടെ കങ്കണ വ്യവസായത്തിലേക്ക് വരുന്ന ഫണ്ടുകൾ നിർത്തുകയാണ്- പ്രസ്താവനയിലൂടെ ടി.പി അഗർവാൾ വിയോജിപ്പ് രേഖപ്പെടുത്തി.
നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയെന്നാരോപിച്ച് കങ്കണയുടെ ഓഫീസ് ബുധനാഴ്ചയാണ് ബി.എം.സി അധികൃതർ പൊളിച്ചു തുടങ്ങിയത്. ഭാഗിക പൊളിക്കലിനുശേഷം കങ്കണയുടെ അഭിഭാഷകൻ റിസ്വാൻ സിദ്ദിഖി ഹൈകോടതിയെ സമീപിച്ചു. ബോംബെ ഹൈക്കോടതി പൊളിച്ചുനീക്കൽ നടപടി സ്റ്റേ ചെയ്യുകയും ബി.എം.സിയോട് ഈ വിഷയത്തിൽ കങ്കണക്ക് മറുപടി നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.