2016 തെരഞ്ഞെടുപ്പിൽ ബി.ജെ.പി ചെലവാക്കിയത് 43 കോടി, ജയം ഒരു സീറ്റിൽ മാത്രം
text_fieldsകോഴിക്കോട്: 2016 നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ ചെലവഴിച്ചത് 43 കോടി രൂപ. സി.പി.എം, സി.പി.ഐ, കോൺഗ്രസ് പാർട്ടികൾ മുടക്കിയതിന്‍റെ ഇരട്ടിത്തുകയാണ് ബി.ജെ.പി 2016ൽ ചെലവഴിച്ചത്. എന്നാൽ പിടിച്ചെടുക്കാനായത് നേമം മണ്ഡലം മാത്രവും.
2016ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച വരവ് ചെലവ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൊതു യോഗങ്ങൾക്കും റാലികൾക്കുമായി 5.13 കോടി, സ്ഥാനാർഥികൾക്കുവേണ്ടി ചെലവഴിച്ചത് 14.51 കോടി, സ്ഥാനാർഥികൾക്ക് നൽകിയ തുക 13.5 കോടി എന്നിങ്ങനെയാണ് ചെലവഴിച്ച തുകകൾ.
സ്ഥാനാർഥികൾക്കായി ചെലവഴിച്ച 28 കോടിയിൽ പരസ്യം, പൊതു ബോർഡുകൾ, വാഹനങ്ങൾ, റാലികൾ, ജാഥകൾ തുടങ്ങിയവ ഉൾപ്പെടും. അരുവിക്കര മണ്ഡലത്തിൽ മത്സരിച്ച എ. രാജസേനനാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. 21ലക്ഷം രൂപ പ്രചാരണത്തിനായി നൽകി. ഏറ്റവും കുറവ് തുക ലഭിച്ചത് നേമം മണ്ഡലത്തിൽനിന്ന് മത്സരിച്ച് ജയിച്ച ഒ. രാജഗോപാലിനും. 1032 രൂപയാണ് രാജഗോപാലിന് ലഭിച്ചത്. കോട്ടക്കൽ മണ്ഡലത്തിൽ മത്സരിച്ച വി. ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് 19.49 ലക്ഷം രൂപയാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നൽകിയത്.
ബി.ജെ.പിയുടെ മുതിർന്നനേതാക്കൾ 264 തവണ വിവിധ മണ്ഡലങ്ങൾ സന്ദർശിച്ചു. ഇവരുടെ ടാക്സി, ഹെലികോപ്ടർ വാടകയായി 1.31 കോടി ചെലവാക്കി. 660 പൊതു യോഗങ്ങളും കൺവെൻഷനുകളും നടത്തിയതിലൂടെ 2.63 കോടി ചെലവായതായും കണക്കുകൾ വ്യക്തമാക്കുന്നു.
ബി.ജെ.പി കേന്ദ്ര ആസ്ഥാനം ചെലവഴിച്ചത് 14.75 കോടി രൂപയാണ്. 5.64 കോടി രൂപ ഉന്നത നേതാക്കളുടെ സന്ദർശനത്തിനായി ഇവർ ചെലവാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സംഘവും നാലുതവണയാണ് കേരളത്തിലെത്തിയത്. ഇതിനായി ചെലവഴിച്ചത് 1.05 കോടിയും. മാധ്യമ പരസ്യങ്ങൾക്കായി 8.41കോടി രൂപ ചെലവഴിച്ചു. അരക്കോടിയിലധികം പൊതുയോഗങ്ങൾക്കും മുടക്കി.
രണ്ടുഘട്ടമായി ബി.ജെ.പി സംസ്ഥാന യൂനിറ്റിന് ഏഴുകോടി രൂപയാണ് കേന്ദ്ര ആസ്ഥാനത്തുനിന്നും ലഭിച്ചതെന്നും കണക്കിൽ പറയുന്നു. ജനറൽ പാർട്ടി പ്രവർത്തനങ്ങൾക്കായി ബി.ജെ.പി സംസ്ഥാന നേതൃത്വം 14.1 കോടി രുപ ചിലവാക്കി. ഇതിൽ 2.63 കോടി മാധ്യമ പരസ്യങ്ങളും ആറുകോടി മറ്റു പരസ്യങ്ങൾക്കും ചെലവഴിച്ചു. 2.63 കോടി പൊതു യോഗങ്ങൾക്കും മറ്റും ചെലവാക്കി. 3.96 കോടി ബാക്കിയുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2016ൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ അവസാനിച്ചതുവരെ വിവിധ ഉറവിടങ്ങളിൽനിന്നായി 28.79 കോടി രൂപയാണ് സി.പി.എമ്മിന് ലഭിച്ചത്. ഇതിൽ 11 കോടി ജനറൽ പാർട്ടി പ്രവർത്തനങ്ങൾക്ക് ചെലവാക്കി. 10 കോടി മാധ്യമ പരസ്യങ്ങൾക്കും 92 ലക്ഷം പബ്ലിസിറ്റി ഉപകരണങ്ങൾക്കും ചെലവഴിച്ചു.
നേതാക്കളുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് 2.32 ലക്ഷം യാത്രചെലവായി. 11.5 ലക്ഷം രൂപയാണ് വിവിധ സ്ഥാനാർഥികൾക്ക് പ്രചാരണ തുകയായി നൽകിയത്. ഇതിൽ പി. ശ്രീരാമകൃഷ്ണൻ, കെ. നിഷാന്ത്, വി.കെ.സി. മമ്മദ്കോയ എന്നിവർക്കാണ് പ്രചാരണ തുക നൽകിയത്.
8.7 കോടിയാണ് കോൺഗ്രസ് ചെലവാക്കിയത്. ഇതിൽ 10 ലക്ഷം ഓരോ സ്ഥാനാർഥികൾക്കും ചെലവിനായി നൽകി. പാർട്ടി ജനറൽ പ്രവർത്തനങ്ങൾക്കായി 41.06 ലക്ഷം ചെലവാക്കി.
2016ൽ 27 സീറ്റുകളിൽ മത്സരിച്ച സി.പി.ഐ 8.27 കോടി രൂപയാണ് പ്രചാരണത്തിന് ചെലവാക്കിയത്. ജില്ല സെക്രട്ടറിമാർക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 93.5 ലക്ഷം കൈമാറി. 6.21 കോടി ജനറൽ പാർട്ടി പ്രവർത്തനങ്ങൾക്ക് ചെലവാക്കി. 2.06 കോടി സ്ഥാനാർഥികൾക്കായി ചെലവാക്കി. 7.5 കോടി രൂപയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ സി.പി.ഐക്ക് ലഭിച്ചതെന്നും കണക്കുകൾ പറയുന്നു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.