ഉമേഷ് പാൽ വധം: 50 ദിവസം, കൊല്ലപ്പെട്ടത് ആറ് പ്രതികൾ
text_fields
ലഖ്നോ: സമാജ്‌വാദി പാർട്ടി മുൻ എം.പി. ആതിഖ് അഹ്‌മദും സഹോദരൻ അഷ്റഫ് അഹ്‌മദും പൊലീസ് വലയത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടതോടെ, 50 ദിവസത്തിനിടെ കൊല്ലപ്പെട്ടത് ഉമേഷ്പാൽ വധക്കേസിലെ ആറ് പ്രതികൾ. നിയമ വ്യവസ്ഥകളെ അട്ടിമറിക്കന്ന തരത്തിലായിരുന്നു ഏറ്റുമുട്ടൽ കൊലപാതകങ്ങളും വെടിവെപ്പും. കേസിൽ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന ആതിഖ് അഹ്‌മദ്, സഹോദരൻ അഷ്റഫ് അഹ്‌മദ്, ആതിഖിന്‍റെ മകൻ അസദ്, സഹായികളായ ഗുലാം, അർബാസ്, ഉസ്മാൻ എന്നിവരാണ് ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടുന്നതിന് മുമ്പ് കൊല്ലപ്പെട്ടത്.
ബഹുജൻ സമാജ് വാദി പാർട്ടി(ബി.എസ്.പി) എം.എൽ.എ രാജുപാൽ വധക്കേസിലെ മുഖ്യ സാക്ഷിയായിരുന്ന ഉമേഷ് പാൽ കഴിഞ്ഞ ഫെബ്രുവരി 24നാണ് കൊല്ലപ്പെട്ടത്. ധൂമൻഗഞ്ചിലെ വീട്ടിൽ നടന്ന വെടിവെപ്പിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഉമേഷ് പാലിന്‍റെ ഭാര്യ ജയപാലിന്‍റെ പരാതിയിലാണ് തൊട്ടടുത്ത ദിവസം തന്നെ മുൻ എം.പി ആതിഖ് അഹമ്മദ്, സഹോദരൻ അഷ്റഫ്, ആതിഖിന്‍റെ ഭാര്യ ഷെയ്സ്ത പർവീൻ, രണ്ടു ആൺമക്കൾ, സഹായികളായ ഗുദ്ദു മുസ്ലിം, ഗുലാം , മറ്റ് ഒമ്പതു പേർ എന്നിവർക്കെതിരെ യു.പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഉമേഷ് പാലിന്‍റെ വീട്ടിലേക്ക് കൊലപാതകികൾ എത്തിയ വാഹനത്തിന്‍റെ ഡ്രൈവർ എന്ന് ആരോപിക്കപ്പെടുന്ന അർബാസ് ഫെബ്രുവരി 27ന് തന്നെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ മാർച്ച് ആറിന് കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഉസ്മാനും പ്രയാഗ്രാജിൽ മറ്റൊരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. പിന്നീട് ഏപ്രിൽ 13ന് ആതിഖ് അഹമ്മദിന്‍റെ മകൻ അസദ്, സഹായി ഗുലാം എന്നിവർ ഝാൻസിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി പത്ത് മണിയോടെ, ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് വിചാരണയ്ക്ക് പ്രയാഗ്രാജിലെ കോടതിയിൽ ഹാജറാക്കി ഗുജറാത്തിലെ സബർമതി ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെ ആതിഖിനും സഹോദരനും നേരെ മാധ്യമപ്രവർത്തകനെന്ന വ്യാജേന എത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മകൻ അസദിനെ അവസാന നോക്ക് കാണാനോ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനോ ആതിഖിന് അനുവാദം വഭിച്ചിരുന്നില്ല. കൊല്ലപ്പെടുന്നതിന് മുമ്പ് ധൂമൻഗഞ്ച് പൊലീസ് സ്റ്റേഷനിൽ ആതിഖിനെയും സഹോദരനെയും യു.പി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഗുണ്ട എന്ന മുദ്ര കുത്തി യു.പിയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 100ൽ അധികം കേസുകൾ ആതിഖിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.