'ഇന്ന് അവരാണെങ്കിൽ നാളെ നമ്മളാകാം'; മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ രൂക്ഷവിമർശനവുമായി ബി.ജെ.പി മുൻ സഖ്യകക്ഷി അകാലി ദൾ
text_fieldsചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രൂക്ഷ വിമർശനവുമായി ശിരോമണി അകാലി ദൾ. മുസ്‍ലിം സമുദായത്തിനെതിരെ മോദി അങ്ങേയറ്റം വിഷംപുരണ്ട പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് അകാലി ദളിന്‍റെ വിമർശനം. 'ഇന്ന് അവരാണെങ്കിൽ നാളെ അത് നമ്മളാകാ'മെന്ന് മോദിയുടെ പ്രസംഗം പോസ്റ്റുചെയ്തുകൊണ്ട് അകാലി ദൾ വക്താവ് പരംബൻസ് സിങ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
എൻ.ഡി.എയുടെ മുൻ സഖ്യകക്ഷിയായ അകാലി ദൾ ആദ്യമായാണ് പ്രധാനമന്ത്രിക്കെതിരെ നേരിട്ടുള്ള വിമർശനം ഉന്നയിക്കുന്നത്. കർഷക ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് 2020ലാണ് അകാലി ദൾ എൻ.ഡി.എ വിട്ടത്. സിഖ് വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള പാർട്ടിയെ വീണ്ടും ഒപ്പം കൂട്ടാൻ ബി.ജെ.പി ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.
മോദിയുടെ ഇന്നലത്തെ പ്രസംഗം വിദ്വേഷത്തിന്‍റെയും വിഷത്തിന്‍റെയും വേറെ തലമാണെന്ന് അകാലി ദൾ ആരോപിക്കുന്നു. 'ഇന്ത്യ ഇപ്പോഴും 'പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്ക്' ആണെന്നാണ് കരുതപ്പെടുന്നത്. അനീതി നമുക്ക് മേൽ സംഭവിക്കുമ്പോൾ മാത്രമേ അതിനെ കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്നതാണ് നമ്മുടെയെല്ലാം തെറ്റ്. ഇന്ന് അവരാണെങ്കിൽ നാളെ അത് നമ്മളാകാം. അങ്ങേയറ്റം അപമാനകരവും അസ്വസ്ഥപ്പെടുത്തുന്നതുമാണിത്' -മോദിയുടെ പ്രസംഗം പങ്കുവെച്ചുകൊണ്ട് അകാലി ദൾ വക്താവ് പറഞ്ഞു.
നേരത്തെ, പഞ്ചാബിൽ അകാലി ദളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാൻ ബി.ജെ.പി ഏറെ ശ്രമിച്ചെങ്കിലും ബി.ജെ.പിയുടെ ദേശീയ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി ഒത്തു പോകില്ലെന്ന് അകാലി ദൾ നിലപാടെടുക്കുകയായിരുന്നു. ലോക്‌സഭയിൽ 400ന് മുകളിൽ സീറ്റുകൾ ലക്ഷ്യമിട്ട് പഴയ സഖ്യകക്ഷികളെ തിരിച്ചു കൊണ്ടു വരാനുള്ള ബി.ജെ.പി നീക്കത്തിന്റെ ഭാഗമായാണ് അകാലിദളുമായി ചർച്ച നടത്തിയത്.
അതേസമയം, മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിമർശനവുമായി അകാലി ദൾ മുൻ മന്ത്രി ബിക്രം സിങ് മജീതിയയും രംഗത്തെത്തി. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനാണ് ഗുരു നാനാക് ദേവ് നമ്മെ പഠിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ബി.ആർ. അംബേദ്കർ രൂപപ്പെടുത്തിയ നമ്മുടെ ഭരണഘടനയെ തുരങ്കം വയ്ക്കുന്നതാണ് ഇന്നലെ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം. അകാലി ദൾ എന്നും ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
'നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നിങ്ങളുടെ സ്വത്ത് വിഭജിച്ചുനൽകിയാൽ അത് അംഗീകരിക്കാനാകുമോ? കോൺഗ്രസ് അധികാരത്തിലെത്തിയാൽ അതാണ് നടക്കാൻ പോകുന്നത്' എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രസംഗിച്ചത്. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഇത്. ‘‘രാജ്യത്തിലെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‍ലിംകളാണെന്ന് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?''-മോദി ചോദിച്ചു. അമ്മമാരുടെയും പെൺമക്കളുടെയും സ്വർണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നതെന്നും മോദി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.