ജഡ്ജിയും അഭിഭാഷകരും മൂന്നിടങ്ങളിൽ, വാട്സ് ആപ്പിലൂടെ വാദംകേട്ട് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: വാട്സ് ആപ്പിലൂടെ കേസിന്‍റെ വാദം നടത്തി മദ്രാസ് ഹൈക്കോടതി. ഒരു ജഡ്ജി വാട്സ് ആപ്പിലൂടെ വാദം കേൾക്കുന്നത് മദ്രാസ് ഹൈകോടതിയുടെ ചരിത്രത്തിൽ ആദ്യമാണ്. ധർമ്മപുരി ജില്ലയിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട കേസാണ് ഞായറാഴ്ച കോടതി പരിഗണിച്ചത്.
ഒരു വിവാഹ ചടങ്ങിനായി നാഗർകോവിലിൽ നിൽക്കുമ്പോഴാണ് ജഡ്ജി ജി.ആർ സ്വാമിനാഥൻ അടിയന്തരമായി കേസിൽ വാദം കേട്ടത്. രഥോത്സവം നടന്നില്ലെങ്കിൽ തന്‍റെ ഗ്രാമം ദൈവകോപത്തിന് ഇരയാകുമെന്ന് കാണിച്ച് അഭീഷ്ഠ വരദരാജ സ്വാമി ക്ഷേതത്തിന്‍റെ പാരമ്പര്യ ട്രസ്റ്റി പി.ആർ ശ്രീനിവാസനാണ് കോടതിയെ സമീപിച്ചത്.
ഹരജിക്കാരന്‍റെ തീഷ്ണമായ പ്രാർഥന നാഗർകോവിലിൽ നിന്നും വാട്സ് ആപ്പ് വഴി കേസ് പരിഗണിക്കാൻ തന്നെ പ്രേരിപ്പിച്ചതായി ഉത്തരവിന്‍റെ ആദ്യ ഭാഗത്തിൽ ജഡ്ജി വ്യക്തമാക്കി. ഹരജിക്കാരന്‍റെ അഭിഭാഷകൻ വി. രാഘവാചാരി, അഡ്വക്കേറ്റ് ജനറൽ ആർ. ഷൺമുഖസുന്ദരം എന്നിവർ നഗരത്തിലെ രണ്ടിടങ്ങളിലിരുന്നാണ് വാദിച്ചത്.
ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട രഥോത്സവം നിർത്തിവെക്കാനുള്ള അധികാരം ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ വകുപ്പിലെ ഉദ്യോഗസ്ഥനില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി, ഉത്തരവ് റദ്ദ് ചെയ്ത് ഹരജിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ചടങ്ങ് നടത്തുന്നതിനെ സർക്കാർ എതിർക്കുന്നില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ നേരത്തെ അറിയിച്ചിരുന്നു.
ജനങ്ങളുടെ സുരക്ഷയാണ് സർക്കാറിന്‍റെ ആശങ്കയെന്നും തഞ്ചാവൂരിൽ രഥോത്സവത്തിനിടെ 11 പേർ ഷോക്കേറ്റ് മരിച്ച സംഭവം ആവർക്കാതിരിക്കാനാണ് ശ്രദ്ധയെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. ഉത്സവങ്ങൾ നടത്തുമ്പോൾ സർക്കാർ അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും നിർബന്ധമായും പാലിക്കണമെന്ന് ക്ഷേത്ര അധികാരികളോട് നിർദേശിച്ചാണ് ജഡ്ജി നടപടികൾ അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.