ഇതാദ്യമായി പോരിനില്ലാതെ കെ.സി.ആർ കുടുംബം
text_fieldsഹൈദരാബാദ്: പാർട്ടി രൂപവത്കരിച്ചതിന് ശേഷം ആദ്യമായി കെ. ചന്ദ്രശേഖർ റാവുവിെന്റ കുടുംബം ലോക്സഭ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുന്നു. 23 വർഷം മുമ്പാണ് ചന്ദ്രശേഖർ റാവു തെലങ്കാന രാഷ്ട്ര സമിതി (ഇപ്പോൾ ഭാരത് രാഷ്ട്ര സമിതി) രൂപവത്കരിച്ചത്. 2004 മുതൽ റാവുവോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.
ഇത്തവണ 17 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ കുടുംബാംഗങ്ങൾ ആരുമില്ല. കെ.സി.ആറോ മകൻ കെ.ടി. രാമ റാവുവോ മരുമകൻ ടി. ഹരീഷ് റാവുവോ മത്സരത്തിനിറങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, നിലവിൽ എം.എൽ.എ സ്ഥാനമുള്ള മൂന്നുപേരും മത്സരത്തിന് ഇറങ്ങേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
2019ൽ നിസാമാബാദ് ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ട കെ.സി.ആറിെന്റ മകൾ കെ. കവിതയും മത്സരത്തിനില്ല. തെലങ്കാന എം.എൽ.എയായ കവിതയെ ഡൽഹി മദ്യനയ അഴിമതിക്കേസിൽ അടുത്തിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.
2004ൽ കരിം നഗർ ലോക്സഭ മണ്ഡലത്തിൽനിന്ന് വിജയിച്ച കെ.സി.ആർ കേന്ദ്രത്തിലെ യു.പി.എ സർക്കാറിൽ മന്ത്രിയുമായിരുന്നു. 2006ലും 2008ലും നടന്ന ഉപതെരഞ്ഞെുപ്പുകളിലും അദ്ദേഹം മണ്ഡലം നിലനിർത്തി. 2009ൽ മെഹബൂബ് നഗറിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്താണ് തെലങ്കാന സംസ്ഥാനമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റ് നേടിയ ബി.ആർ.എസ് ഇത്തവണ മൂന്ന് സിറ്റിങ് എം.പിമാരെയാണ് വീണ്ടും മത്സരത്തിനിറക്കുന്നത്. അഞ്ച് എം.പിമാർ കോൺഗ്രസിലേക്കും ബി.ജെ.പിയിലേക്കും കൂറുമാറുകയും ചെയ്തു. ഒരാൾ അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.