സൈനിക ഹെലികോപ്റ്റർ പറത്താൻ ഇനി വനിതകളും; ചരിത്രം കുറിച്ച് കരസേന
text_fieldsന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ ചരിത്രത്തിൽ ആദ്യമായി യുദ്ധവേളകളിൽ ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളിലെ പൈലറ്റുമാരുടെ പരിശീലനത്തിന് രണ്ട് വനിതാ സൈനികരെ തെരഞ്ഞെടുത്തു. കരസേനയുടെ നാസിക്കിലെ (മഹാരാഷ്ട്ര) പ്രീമിയർ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിങ് സ്‌കൂളിലാണ് വനിതകൾക്ക് പൈലറ്റ് പരിശീലനം നൽകുക.
സൈന്യത്തിലെ വ്യോമയാന വിഭാഗത്തിലേക്ക് വനിതകളെ നിയമിക്കാനുള്ള ശിപാർശ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ അംഗീകരിച്ചതിനെ തുടർന്നാണ് നടപടി. വ്യോമസേനയുടെയും നാവികസേനയുടെയും വനിതാ ഓഫീസർമാർ ഹെലികോപ്റ്ററുകൾ പറത്താറുണ്ട്. എന്നാൽ, കരസേനാ വ്യോമവിഭാഗത്തിൽ നിലവിൽ പുരുഷന്മാർ മാത്രമാണ് പൈലറ്റുമാരായുള്ളത്.
പതിനഞ്ച് വനിതാ ഉദ്യോഗസ്ഥരാണ് കരസേനയുടെ വ്യോമവിഭാഗത്തിൽ ചേർന്നത്. എന്നാൽ, പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റിനും (പി.എ.ബി.റ്റി) വൈദ്യ പരിശോധനക്കും ശേഷം രണ്ടു പേരെ മാത്രമാണ് പൈലറ്റ് പരിശീലനത്തിന് തെരഞ്ഞെടുത്തതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
രണ്ട് വനിതകൾ ഉൾപ്പെടെ 47 ഒാഫീസർമാരാണ് പരിശീലനം ആരംഭിച്ചത്. 2022 ജൂലൈയോടെ പരിശീലനം പൂർത്തിയാക്കി ഇവർ ഹെലികോപ്റ്റർ പറത്താൻ സജ്ജരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.