പാർലമെന്‍റിലെ നീണ്ട പ്രസംഗത്തിൽ അദാനി വിഷയത്തിൽ മൗനം പാലിച്ച് മോദി
text_fieldsന്യൂഡൽഹി: അദാനി വിഷയത്തിൽ പാർലമെന്‍റിൽ തികഞ്ഞ മൗനം പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗൗതം അദാനിയും മോദിയുമായുള്ള വഴിവിട്ട ബന്ധമാണ് രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷ നേതാക്കളും ദിവസങ്ങളായി പാർലമെന്‍റിൽ ഉയർത്തിയത്. എന്നാൽ, രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ച ഉപസംഹരിച്ച് ലോക്സഭയിൽ ദീർഘമായി സംസാരിച്ച പ്രധാനമന്ത്രി, അദാനിയെന്ന പേരുപോലും പറഞ്ഞില്ല.
മോദി-അദാനി വഴിവിട്ട ബന്ധം ലോക്സഭയിൽ തുറന്നുകാട്ടി നിരവധി ചോദ്യങ്ങൾ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചിരുന്നു. അദാനി കമ്പനികളിലേക്ക് പുറത്തുനിന്ന് പണം വരുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചു. അദാനി കമ്പനികളുടെ തകർച്ച മുൻനിർത്തിയുള്ള ബഹളത്തിൽ പല ദിവസങ്ങൾ പാർലമെന്‍റ് സ്തംഭിച്ചു.
അദാനിയുടെ കാര്യത്തിൽ ഒന്നും പറയാത്ത കാര്യം മോദിയുടെ പ്രസംഗത്തിനിടയിൽ പല പ്രതിപക്ഷാംഗങ്ങളും ചൂണ്ടിക്കാട്ടുകയും ചെയ്തതാണ്. പ്രധാനമന്ത്രിയുടെ ഒന്നര മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ കോൺഗ്രസിനെയും മുൻസർക്കാറുകളെയും രൂക്ഷമായി വിമർശിച്ചു.
മോദിയിൽ ജനങ്ങൾക്കുള്ള വിശ്വാസം പത്ര തലക്കെട്ടുകളിലൂടെയോ ടി.വി ഷോകളിലൂടെയോ വന്നതല്ലെന്നും ജനസേവനത്തിലൂടെ ആർജിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. താൻ ഉന്നയിച്ച വിഷയങ്ങളിൽ നടുങ്ങിനിൽക്കുന്നതു കൊണ്ടാണ് മോദിക്ക് ഒന്നും പറയാനില്ലാതെ പോയതെന്ന് രാഹുൽ ഗാന്ധി പിന്നീട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.