ബംഗാളിൽ ടി.എം.സിക്ക് തുണയായത് കോവിഡും ജനക്ഷേമ പദ്ധതികളും
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പിയെ തറപറ്റിക്കാൻ മമതയെ തുണച്ചത് ജനക്ഷേമ പദ്ധതികളും നിലവിലെ കോവിഡ് സാഹചര്യങ്ങളും. കേന്ദ്ര സർക്കാറിെൻറ അകമഴിഞ്ഞ പിന്തുണയോടെ സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണത്തിന് ബി.ജെ.പി കിണഞ്ഞ് ശ്രമിച്ചിട്ടും കൊൽക്കത്തയിലെ 14 സീറ്റുകളും തൃണമൂൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ നിലനിർത്തിയത് ജനക്ഷേമ പദ്ധതികളുടെ പിൻബലത്തോടെയാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.
റേഷൻ വാതിൽപ്പടിക്കൽ എത്തിക്കുന്നതുൾപ്പെടെ ജനക്ഷേമ പദ്ധതി പ്രഖ്യാപനത്തിലൂടെ പ്രതിസന്ധിയിലും സർക്കാർ ഒപ്പമുണ്ടെന്ന് ബോധ്യപ്പെടുത്താൻ മമതക്ക് കഴിഞ്ഞു. ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ചു ലക്ഷം രൂപ വരെ പ്രാഥമിക പരിചരണം ലഭിക്കുന്ന അടിസ്ഥാന ആരോഗ്യ പരിരക്ഷ പദ്ധതിയായ സ്വസ്ത്യ സതി ഉൾപ്പെടെ അനേകം ജനക്ഷേമ പദ്ധതികളാണ് മമത സംസ്ഥാനത്ത് നടപ്പാക്കിയത്.
ബംഗാൾ പിടിക്കാൻ തെരഞ്ഞെടുപ്പ് കമീഷനെ മുൻനിർത്തി കേന്ദ്ര സർക്കാർ വോട്ടെടുപ്പ് എട്ടു ഘട്ടമാക്കിയെങ്കിലും കോവിഡ് രൂക്ഷമായത് മമതക്ക് തുണയായെന്നാണ് സിബാജി പ്രതിം ബസുവിനെ പോലുള്ള തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ അഭിപ്രായം. രോഗപ്പടർച്ച മൂർധന്യത്തിലെത്തിയ സാഹചര്യത്തിൽ അവസാന മൂന്നു ഘട്ടങ്ങൾ ഒരുമിച്ചാക്കാൻ മമത ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ വിസമ്മതിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കേന്ദ്ര നേതാക്കളെ കളത്തിലിറക്കി വൻ പ്രചാരണം നടത്താനായിരുന്നു ബി.ജെ.പി ശ്രമം. ഇത് പാർട്ടിക്ക് ജനങ്ങളുടെ ആരോഗ്യത്തെക്കാൾ വോട്ടാണ് പ്രധാനമെന്ന തോന്നലുണ്ടാക്കി. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതും ബി.ജെ.പിക്ക് തിരിച്ചടിയായെന്ന് ബസു പറയുന്നു.
വ്യത്യസ്ത സമുദായങ്ങൾ ഇടകലർന്ന് ജീവിക്കുന്ന ജോരാസാങ്കോ, ഭവാനിപുർ, കൊൽക്കത്ത തുറമുഖ നിയോജകമണ്ഡലങ്ങളിൽ ടി.എം.സിക്ക് വൻ പിന്തുണ ലഭിച്ചിരുന്നു. ഹിന്ദി മാത്രം സംസാരിക്കുന്ന കുടിയേറ്റ ജനവിഭാഗം അധിവസിക്കുന്ന മണ്ഡലമായ ജോരാസേങ്കായിൽ ബി.ജെ.പി സ്ഥാനാർഥി മീനാ ദേവി പുരോഹിതിനെതിരെ ടി.എം.സിയുടെ വിവേക് ഗുപ്ത 52,123 വോട്ടുകളാണ് നേടിയത്. മീന ദേവിക്ക് 39,380 വോട്ടുകൾകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീടുതോറും പ്രചാരണം നടത്തിയ സംസ്ഥാനത്തെ ഏക മണ്ഡലമായ ഭവാനിപൂരിൽ ടി.എം.സിയുടെ മുതിർന്ന നേതാവ് ശോഭാന്ദേബ് ചതോപാധ്യായക്ക് 73,505 വോട്ടുകൾ ലഭിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർഥി നടൻ രുദ്രനീൽ ഘോഷിന് ലഭിച്ചത് 44786 വോട്ടുകൾ മാത്രം. കൊൽക്കത്ത തുറമുഖ മണ്ഡലത്തിൽ ബി.ജെ.പിയുടെ അവധ് കിശോർ ഗുപ്തക്കെതിരെ ഒരു ലക്ഷത്തിലധികം വോട്ട് നേടിയാണ് ടി.എം.സിയുടെ ഫിർഹാദ് ഹകിം വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.