ഛത്തിസ്ഗഢിൽ വാഗ്ദാനങ്ങളുമായി രാഹുൽ; സ്കൂൾ, കോളജ് വിദ്യാഭ്യാസം സൗജന്യം
text_fieldsറായ്പുർ: വീണ്ടും അധികാരത്തിൽ എത്തിയാൽ ഛത്തിസ്ഗഢിലെ സർക്കാർ സ്കൂളുകളിലും കോളജുകളിലും സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും ബീഡിയുണ്ടാക്കുന്നതിനുള്ള തെണ്ടു ഇല ശേഖരിക്കുന്നവർക്ക് പ്രതിവർഷം 4000 രൂപ വീതം നൽകുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കാങ്കെർ ജില്ലയിലെ ഭാനുപ്രതാപപുർ നിയമസഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസംഗങ്ങളിൽ ഒ.ബി.സി വിഭാഗത്തെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് ജാതി സെൻസസിനെ ഭയക്കുന്നതെന്ന് രാഹുൽ ചോദിച്ചു. രാജ്യത്ത് കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഛത്തിസ്ഗഢിൽ നവംബർ ഏഴിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിൽ ഒന്നാണ് ഭാനുപ്രതാപപുർ. നവംബർ 17നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.
കെ.ജിയിൽനിന്ന് പി.ജി വരെ എന്ന പേരിലുള്ള പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പാക്കുകയെന്ന് രാഹുൽ പറഞ്ഞു. കിന്റർഗാർട്ടൻ (കെ.ജി) മുതൽ ബിരുദാനന്തര ബിരുദം (പി.ജി) വരെ സർക്കാർ സ്ഥാപനങ്ങളിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്നതാണ് പദ്ധതി. രാജീവ് ഗാന്ധി പ്രോത്സാഹൻ യോജന പ്രകാരമാണ് തെണ്ടു ഇലകൾ ശേഖരിക്കുന്നവർക്ക് 4000 രൂപ സഹായം നൽകുന്ന പദ്ധതി നടപ്പാക്കുക.
മിസോറം: കോൺഗ്രസ് വന്നാൽ വനസംരക്ഷണ ബിൽ
ന്യൂഡൽഹി: മിസോറമിൽ അധികാരത്തിൽ വന്നാൽ നിയമസഭയുടെ ആദ്യ സമ്മേളനത്തിൽത്തന്നെ ഭൂമി-വന സംരക്ഷണത്തിനും ഗോത്രജനതയുടെ അവകാശങ്ങൾക്കുമായി ബിൽ കൊണ്ടുവരുമെന്ന് കോൺഗ്രസ്. വനസംരക്ഷണ നിയമം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ മോദി സർക്കാർ അട്ടിമറിച്ചെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് സമൂഹ മാധ്യമമായ ‘എക്സി’ൽ പറഞ്ഞു. ഇതിൽ രാജ്യത്തുടനീളം വലിയ പ്രതിഷേധമുണ്ട്. മിസോ ദേശീയ മുന്നണി സർക്കാർ ബി.ജെ.പിയുടെ താളത്തിന് തുള്ളുകയാണ്. അതുകൊണ്ടാണ് പാർലമെന്റ് സമ്മേളനം കഴിഞ്ഞിട്ടും അവർ വിഷയം അവഗണിച്ചത്. ‘സൊറാം ജനകീയ മുന്നണി’ക്കും ഈ വിഷയത്തിൽ ഒന്നും ചെയ്യാനാകില്ല. കാരണം അവർ ആശയപിന്തുണയില്ലാത്ത കക്ഷിയാണ്-രമേശ് പറഞ്ഞു.
തെലങ്കാന: കോൺഗ്രസ് പട്ടികയിൽ അസ്ഹറുദ്ദീനും
ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാമത്തെ സ്ഥാനാർഥിപ്പട്ടികയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും. ജൂബിലി ഹിൽസ് മണ്ഡലത്തിൽനിന്നാണ് അദ്ദേഹം മത്സരിക്കുക. നേരത്തെ ഉത്തർപ്രദേശിലെ മുറാദാബാദിൽനിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അദ്ദേഹം. രണ്ടാംഘട്ട പട്ടികയിൽ 45 പേരാണുള്ളത്. നവംബർ 30നാണ് തെരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിന് വോട്ടെണ്ണും. 119 മണ്ഡലമുള്ള സംസ്ഥാനത്ത് ഇതുവരെ 100 സ്ഥാനാർഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നാണ് സ്ഥാനാർഥിപ്പട്ടികക്ക് അംഗീകാരം നൽകിയത്. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ സംസ്ഥാനം ഭരിക്കുന്ന ഭാരത് രാഷ്ട്ര സമിതിയെ തറപറ്റിച്ച് അധികാരത്തിലെത്താനുള്ള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ്. ബി.ജെ.പിയും ശക്തമായി കളത്തിലുണ്ട്. 2018ലെ തെരഞ്ഞെടുപ്പിൽ ബി.ആർ.എസ് 88 സീറ്റും 47.4 ശതമാനം വോട്ടും നേടിയാണ് അധികാരത്തിലെത്തിയത്. കോൺഗ്രസിന് 19 സീറ്റും 28.7 ശതമാനം വോട്ടുമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.