ജനിക്കാനിരിക്കുന്ന ആ കുഞ്ഞിനെ കുറിച്ച് സുപ്രീംകോടതി ചേംബറിൽ 40 മിനിറ്റ് നേരം അവർ സംസാരിച്ചു...
text_fieldsന്യൂഡൽഹി: ഒരു ഗർഭസ്ഥശിശുവിനെ ചൊല്ലിയുള്ള അസാധാരണമായ ചർച്ചക്കാണ് വ്യാഴാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അടച്ചിട്ട ചേംബർ സാക്ഷ്യം വഹിച്ചത്. ചർച്ച 40മിനിറ്റോളം നീണ്ടു. ഗർഭച്ഛിദ്രത്തിന് അനുമതി തേടി 20 വയസുള്ള അവിവാഹിതയായ എൻജിനീയറിങ് വിദ്യാർഥിനിയാണ് കോടതിയെ സമീപിച്ചത്. ആ കുഞ്ഞിനെ കുറിച്ചാണ് ജഡ്ജിമാരും അഭിഭാഷകരും ഗൗരവമായി സംസാരിച്ചത്. ഗർഭം 29 ആഴ്ച പിന്നിട്ടതിനാൽ ഗർഭച്ഛിദ്രം നടത്തുന്നത് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് എയിംസിലെ വിദഗ്ധ സമിതി പറഞ്ഞിരുന്നു.
യുവതിയുടെ വീട്ടുകാർക്ക് ഇക്കാര്യം അറിയാത്തത് കണക്കിലെടുത്തും വിദ്യാർഥിയുടെ സ്വകാര്യത മാനിച്ചും അടച്ചിട്ട ചേംബറിലായിരുന്നു വാദപ്രതിവാദം നടന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് ജെ.ബി.പർദിവാല എന്നിവരാണു കേസ് പരിഗണിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡിഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി എന്നിവരെ ചീഫ് ജസ്റ്റിസ് ചേംബറിലേക്കു വിളിപ്പിച്ചു.
കുഞ്ഞിനെ ദത്തെടുക്കണമെന്നു താനൊരിക്കൽ ആഗ്രഹിച്ചിരുന്നെന്നും അനാഥക്കുഞ്ഞ് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും തുഷാർ മേത്ത പറഞ്ഞു. ഗർഭസ്ഥശിശു ജനിച്ചുകഴിഞ്ഞാൽ നിയമപ്രകാരം ദത്തെടുക്കാൻ ദമ്പതികൾ മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഭിന്നശേഷിക്കാരായ രണ്ടു പെൺകുട്ടികളെ ദത്തെടുത്ത് വളർത്തുന്ന ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിഷയത്തെ വൈകാരികമായാണു സമീപിച്ചത്. തന്റെ വീട്ടിൽ ഇക്കാര്യം സംസാരിച്ചെന്നും ഗർഭസ്ഥ ശിശുവിനായി അടിയന്തരമായി നൽകേണ്ട കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് പ്രകാരം വിദ്യാർഥിനിയുമായി നിരന്തരബന്ധം പുലർത്തുന്ന ഐശ്വര്യ ഭാട്ടി, ആവശ്യമെങ്കിൽ കുട്ടിയെ തനിക്കൊപ്പം നിർത്താമെന്ന് അറിയിച്ചു.
യുവതിയുടെ പ്രസവം, കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം തുടങ്ങിയവയ്ക്കു മുന്തിയ പരിഗണന നൽകണമെന്ന് എയിംസിനോടും സർക്കാരിനോടും കോടതി ഉത്തരവിട്ടു. ദത്തെടുക്കൽ നടപടികൾക്കായി ദമ്പതിമാരോടു റജിസ്റ്റർ ചെയ്യാൻ പറയണമെന്നു സോളിസിറ്റർ ജനറലിനോടു നിർദേശിച്ചു. സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് ഒടുവിൽ കുഞ്ഞിനെ പ്രസവിക്കാൻ തയാറാണെന്നു യുവതി അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.